ഹജ്ജിനു പരിസമാപ്തി : തീര്‍ത്ഥാടകര്‍ മടക്ക യാത്ര തുടങ്ങി
മക്ക : ജംറകളിലെ കല്ലേറും പൂര്‍ണ്ണമായും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനു പരിസമാപ്തിയായി. തടസ്സവും ബുദ്ധിമുട്ടും ഇല്ലാതെ സുഖമമായി പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ സന്തോഷകരമായി പൂര്‍ത്തീകരിച്ചുകഴിഞ്ഞ ഹാജിമാര്‍ വിശുദ്ധ മക്കയോടും കഅബാലയത്തോടും വിട പറയാനുള്ള ഒരുക്കത്തിലാണ്. അല്ലാഹുവിന്റെ അതിഥികളായെത്തിയ 18 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ വിശുദ്ധ ഭൂമിയില്‍ നിന്ന് വിടവാങ്ങിത്തുടങ്ങി. ഹജ്ജിന്റെ അവസാന നിര്‍ബന്ധ കര്‍മമായ ജംറകളിലെ കല്ലെറിയല്‍ ചടങ്ങ് ഇന്നലെയോടെ (വ്യാഴം) പൂര്‍ണ്ണമായും പൂര്‍ത്തിയായി.
ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടുന്ന ഒട്ടേറെപ്പേര്‍ ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മിനായില്‍ നിന്ന് ബുധനാഴ്ച തന്നെ വിട ചൊല്ലിയിരുന്നു. സഊദിയുടെ പുറത്തു നിന്നുള്ളവരില്‍ കൂടുതലും വ്യാഴാഴ്ചത്തെ കല്ലേറ് കര്‍മവും പൂര്‍ത്തിയാക്കിയിട്ടാണ് മടങ്ങിയത്.
മടക്കയാത്ര ആരംഭിച്ച ഹാജിമാരില്‍ ഹജ്ജിനു മുന്‍പ് പ്രവാചക നഗരിയായ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയിലേക്കാണ് പോകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു മക്കയില്‍ എത്തിയവര്‍ മദീനയിലേക്ക് തിരിക്കുമ്പോള്‍ ഹജ്ജിനു മുന്‍പ് തന്നെ മദീനയില്‍ എത്തിച്ചേര്‍ന്നവര്‍ മക്കയില്‍ നിന്നും നേരിട്ട് ജിദ്ദയില്‍ എത്തിയാണ് വിമാനം കയറുക. ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്കുള്ള തീര്‍ഥാടകരുടെ മടക്കം ഈ മാസം 17നാണ്. ഡല്‍ഹിയിലേക്കുള്ള സംഘമാണ് ആദ്യം മടങ്ങുക. ഇവര്‍ നേരത്തെ തന്നെ മദീന സന്ദര്‍ശനം കഴിഞ്ഞവരാണ്. മദീനാ സന്ദര്‍ശനം കഴിയാത്ത ഹാജിമാരുടെ സംഘം മദീന സന്ദര്‍ശന ശേഷം 29 മുതല്‍ മദീനയില്‍ നിന്നും മടങ്ങി തുടങ്ങും.
തീര്‍ത്ഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്ക് അയക്കുന്നതിനും മദീന സന്ദര്‍ശനത്തിനു അയക്കുന്നതിനുമായുള്ള എല്ലാ നടപടിക്രമങ്ങളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്വീകരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ ന്യൂനതകളും അപകടങ്ങളും മുന്നില്‍ കണ്ടു ഈ വര്‍ഷം അതി ബൃഹത്തായ നിരീക്ഷണ സുരക്ഷാ സംവിധാനമാണ് തീര്‍ത്ഥാടകര്‍ക്കായി സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയത്. അത് പൂര്‍ണ്ണമായും വിജയിച്ചതിലുള്ള ആശ്വാസത്തിലാണ് സഊദി ഭരണ കൂടം. ഹജ്ജ് കര്‍മ്മങ്ങള്‍ സുരക്ഷിതമായും സുഖമമായും പര്യവസാനിച്ചതായി മക്ക ഗവര്‍ണര്‍ മാധ്യമങ്ങളൊടു വ്യക്തമാക്കി. അനധികൃത തീര്‍ഥാടകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതും ഹജ്ജിന്റെ വിജയത്തിന് കാരണമായെന്നും സുരക്ഷിതമായി ഹജ്ജ് കര്‍മ്മം പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും മക്ക ഗവര്‍ണര്‍ ഫൈസല്‍ രാജകുമാരന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."