നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും
കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർഥാടകരുടെ പ്രയാണം ഇന്ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.10 നാണ് ആദ്യസംഘം തീർത്ഥാടകരുമായി ഫ്‌ളൈനാസ് എയർവെയ്സിന്റെ ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പറന്നുയരുന്നത്.
സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിൽ ആദ്യത്തെ ക്യാംപ് കൊച്ചിയിലാണ് തുടക്കം കുറിച്ചത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുള്ള സിയാൽ എയ്‌റോ പാർക്കിൽ ഒരുക്കിയിരിക്കുന്ന ഹജ്ജ് ക്യാംപിൻ്റെ ഉദ്ഘാടനം സംസഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ലളിതമായ ചടങ്ങോടെയായിരുന്നു ഉദ്ഘാടനം.
ഹജ്ജ് കമ്മിറ്റി അംഗവും ജനറൽ കൺവീനറുമായ അഡ്വ. മൊയ്തിൻകുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർഥന നടത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ സി. ഷാനവാസ്, ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് നിയാസ് അഹമ്മദ്, കൊച്ചി എയർപോർട്ട് ഡയരക്ടർ സി.ജി മനു, സൗത്ത് ഈസ്റ്റ് ഏഷ്യ കൺട്രി മാനേജർ മുഹമ്മദ് സാലിം, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
കൊച്ചി ഹജ്ജ് ക്യാംപ് കൺവീനർ നൂർ മുഹമ്മദ് നൂർഷ സ്വാഗതവും ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് നന്ദിയും പറഞ്ഞു. 430 തീർത്ഥാടകരാണ് ഇന്നത്തെ ആദ്യ സംഘത്തിലുള്ളത്. ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുമതി ലഭിച്ചിരിക്കുന്ന 13,194 പേരിൽ 7943 പേർ നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുന്നത്. ഇവരെ കൂടാതെ ലക്ഷദ്വീപിൽ നിന്നുള്ള 107 പേരും നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രയാകും.
കാത്തിരിപ്പ് പട്ടികയിലുള്ള ഏതാനും പേർക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളായാണ് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഹജ്ജ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 20 സർവിസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിമാനത്തിലും 430 പേർ വീതമാണ് യാത്രയാകുന്നത്. ആദ്യഘട്ടം മെയ് എട്ടിന് അവസാനിക്കും. മെയ് 17ന് ആരംഭിച്ച് 19ന് അവസാനിക്കുന്ന രണ്ടാം ഘട്ടത്തിൽ യാത്ര തിരിക്കുന്ന തീർത്ഥാടകർ 25 ദിവസമായിരിക്കും മക്കയിലും മദീനയിലുമായി ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."