വേനൽ കടുത്തു: വയറിളക്ക രോഗങ്ങൾ കൂടി
കോഴിക്കോട്: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വയറിളക്ക രോഗങ്ങൾ പിടിമുറക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ 1,79,924 പേരാണ് വയറിളക്ക രോഗത്തിനായി ചികിത്സ തേടിയത്. ഈ മാസം മാത്രം 37,019 പേർ ചികിത്സ തേടി. ഒരു ദിവസം മാത്രം 1665 പേരാണ് ചികിത്സയ്ക്കായി എത്തുന്നത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ജനുവരി ഒന്നു മുതൽ ഏപ്രിൽ 28 വരേയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരമാണിത്.
സർക്കാർ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണമാണ് ഇത്രയും അധികം. സ്വകാര്യ ആശുപത്രികൾ, മറ്റു ചികിത്സ മാർഗങ്ങൾ സ്വീകരിക്കുന്നവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും ഉയരും. ഏപ്രിൽ ഒന്നിന് രോഗികളുടെ എണ്ണം 1,44,205 ആയിരുന്നു. ഇതാണ് ദിവസങ്ങൾക്കുള്ളിൽ കൂടിയത്. ഫെബ്രുവരി ഒന്നിന് 54,366 രോഗികളായിരുന്നു ഉണ്ടായിരുന്നത്. ഒരുമാസം കഴിഞ്ഞ് മാർച്ച് ഒന്ന് ആയപ്പോഴേക്കും രോഗികളുടെ എണ്ണം 100857 ആയി ഉയർന്നു.
ശരീരത്തിൽ നിന്ന് അമിത ജല നഷ്ട്ടത്തിന് കാരണമാകുന്നതാണ് വയറിളക്ക രോഗങ്ങൾ അഥവാ അക്യൂട്ട് ഡയേറിയൽ ഡിസീസ്. ഒരുദിവസം മൂന്നോ അതിൽ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കിൽ അതിനെ വയറിളക്കമായി കണക്കാക്കാം. ജലനഷ്ടം പരിഹരിക്കാൻ ധാരാളം പാനീയങ്ങൾ നൽകുകയാണ് ഏറ്റവും പ്രധാനം. വേനൽക്കാലത്ത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വയറിളക്ക രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കുടിവെള്ളത്തിലും ഭക്ഷണത്തിലും ശുചിത്വം ഉറപ്പാക്കണം.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. അതിനാൽ കുട്ടികളിൽ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ദിവസം മൂന്നോ അതിലധികമോ തവണ അയഞ്ഞതോ, വെള്ളം പോലെയോ ഉള്ള മലവിസർജ്ജനം, ഛർദ്ദി, വയറുവേദന, പനി, കടുത്ത ക്ഷീണം, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടകാരികളാണ് ജലജന്യ രോഗങ്ങൾ. വൃത്തിഹീനമായ കുടിവെള്ളവും ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ജലജന്യ രോഗങ്ങളെല്ലാം തന്നെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. അതിനാൽതന്നെ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുകയാണ് ഏറ്റവും പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."