പട്ടാപ്പകല്‍ ലഹരിമാഫിയയുടെ കേന്ദ്രമായി കടുങ്ങല്ലൂര്‍ പാലം
അരീക്കോട്: കടുങ്ങല്ലൂര്‍ അങ്ങാടിയിലെ പഴയപാലത്തിനു താഴെ കുമിഞ്ഞ് കൂടിയ മാലിന്യ കൂമ്പാരങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ വേണ്ടിയാണു റോഡില്‍ നിന്നു പാലത്തിനു താഴേക്ക് ഇറങ്ങിയത്. എന്നാല്‍ അവിടെ കണ്ടത് മാലിന്യങ്ങള്‍ക്ക് പകരം ലഹരി പദാര്‍ഥങ്ങളായിരുന്നു.
സമയം ഉച്ചക്ക് 2:15. മാലിന്യ കൂമ്പാരത്തിനടുത്തു മഴയും വെയിലുമേല്‍ക്കാത്ത ചെറിയ ഒരിടം. കരിങ്കല്‍ കഷ്ണങ്ങള്‍ വൃത്താകൃതിയില്‍ സ്ഥാപിച്ച് അതിനു മുകളിലായി ആറു പേര്‍ ഇരിക്കുന്നു. നാലു മധ്യവയസ്‌കരും കൗമാര പ്രായക്കാരായ രണ്ടു പേരും. കണ്ട പാടെ രണ്ടു പേര്‍ ഓടിയൊളിച്ചു. ഭയചകിതരായി തുറിച്ചു നോക്കുന്ന നാലു പേരോടും സൗഹൃദം നടിച്ച് അല്‍പനേരം ഇരുന്നു. ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ മദ്യലഹരിയില്‍ അവര്‍ പറഞ്ഞു തന്നു.
ഇതിനിടയില്‍ അരീക്കോട് എസ് ഐ കെ.സിനോദിന്റെ മൊബൈലിലേക്ക് കടുങ്ങല്ലൂര്‍ പാലത്തിനു താഴെ ലഹരി മാഫിയ എന്ന സന്ദേശവും കൈമാറി. വെറ്റിലപ്പാറ, കീഴുപറമ്പ്, കിഴിശ്ശേരിക്കടുത്ത ആലിന്‍ ചുവട് എന്നീ പ്രദേശത്തുകാരാണു ഇവരെന്നു മനസിലായി. മാതാപിതാക്കള്‍ക്കു കുടിശിക അടക്കം ലഭിച്ച പെന്‍ഷന്‍ തുക ഉപയോഗിച്ചാണു ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നത്. പെരുന്നാളും ഓണവും ഒരുമിച്ചെത്തിയതു കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണെന്നും ഇവര്‍ പറയുന്നു. അല്‍പ സമയം മുമ്പ് ഓടിയൊളിച്ച രണ്ട് കൗമാരപ്രായക്കാരെക്കുറിച്ചു തിരക്കിയപ്പോള്‍ അവര്‍ സോഡ എത്തിച്ചു തരാന്‍ വന്നവരാണെന്നതായിരുന്നു മറുപടി. മദ്യലഹരിയിലായ നാല്‍വര്‍ സംഘത്തിനു താല്‍പര്യമുള്ള രാഷ്ട്രീയം പറച്ചിലില്‍ കൂടിയപ്പോള്‍ അവര്‍ക്ക് ഞാന്‍ പ്രിയപ്പെട്ടവനായി. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതു നേരിയ വാക്കേറ്റത്തിനിടയാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ കോളജുകള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കും ഇത്തരക്കാര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. നട്ടുച്ച സമയങ്ങളില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ ലഹരി വസ്തുക്കള്‍ കടുങ്ങല്ലൂര്‍ പാലത്തിനു സമീപം എത്തിക്കുകയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്ന സമയങ്ങളിലും രാത്രി കാലങ്ങളിലും വില്‍പന നടത്തുകയുമാണു ചെയ്യുന്നത്. വെള്ളേരി കലം സ്‌കൂള്‍, പെരുമ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇളയൂര്‍ ടൗണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം എന്നിവിടങ്ങളിലെല്ലാം ആവശ്യക്കാരെ തേടി ലഹരി മാഫിയ എത്തുന്നുണ്ട്. കടുങ്ങല്ലൂരിലെ പഴയ പാലത്തിനു പരിസരത്ത് പകല്‍ സമയങ്ങളില്‍ തന്നെ ലഹരി മാഫിയ തമ്പടിക്കുന്നതു വലിയ ആശങ്കയാണു സമ്മാനിക്കുന്നത്. പാലത്തിനു സമീപത്തെ കമുകിന്‍ തോട്ടത്തില്‍ പണം വെച്ചുള്ള ചീട്ടുകളിയും വൈകുന്നേരങ്ങളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."