ആഭ്യന്തര തീർഥാടനം: 73 കമ്പനികൾക്ക് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരം; സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങൾ | Hajj 2026
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ (Hajj 2026) ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്നതിനായി 73 കമ്പനികൾക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അംഗീകാരം നൽകി. മന്ത്രാലയം നിശ്ചയിച്ച കർശനമായ ഗുണനിലവാര പരിശോധനകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് കമ്പനികളെ തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.
സംഘാടന മികവ്, പ്രവർത്തനക്ഷമത എന്നിവയ്ക്ക് പുറമെ താമസം, ഗതാഗതം, ഭക്ഷണം, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ നൽകുന്നതിലുള്ള സജ്ജീകരണങ്ങളും വിലയിരുത്തിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനും കരാറുകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
ഹജ്ജിന് തയ്യാറെടുക്കുന്നവർ അംഗീകൃത കമ്പനികളുടെ പട്ടിക പരിശോധിച്ച് ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ ബുക്കിംഗ് നടത്താവൂ എന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ലൈസൻസില്ലാത്ത ഏജൻസികളുമായി കരാറിൽ ഏർപ്പെടുന്നത് സാമ്പത്തിക നഷ്ടത്തിനും സേവനങ്ങളുടെ ഗുണനിലവാരമില്ലായ്മയ്ക്കും കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഡിജിറ്റൽ സേവനങ്ങളിലും വലിയ മാറ്റങ്ങൾ
ഡിജിറ്റൽ സേവനങ്ങളിലും മന്ത്രാലയം വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. തീർഥാടകർക്ക് പാക്കേജുകൾ താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാൽ തർക്കങ്ങൾ ഒഴിവാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കും.
വിവിധ നിരക്കുകളിലുള്ള പാക്കേജുകൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. സേവനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനങ്ങളും പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ തീർഥാടനത്തിന് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
English summary : The Saudi Ministry of Hajj and Umrah announced on Tuesday the approval of 73 companies qualified to provide services for domestic pilgrims. The ministry explained that these companies were accredited after meeting all approved conditions and standards, encompassing both organizational and operational requirements, in addition to demonstrating readiness to deliver comprehensive services, including housing, transportation, catering, and support services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."