ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ദൗത്യത്തിനായി നിയോഗിക്കപ്പെട്ട എഐസിസി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തലസ്ഥാനത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുമെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് എത്തിയ ഇവർ മുതിർന്ന നേതാവ് എ കെ ആന്റണിയുമായി ആദ്യഘട്ട ചർച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയും കൂടിക്കാഴ്ചയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനുള്ള കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ രാവിലെ പത്തരയ്ക്ക് ഇന്ദിരാഭവനിൽ ചേരും. നിയമസഭാ കക്ഷി യോഗത്തിന് പുറമെ, എല്ലാ എം എൽഎമാരെയും നിരീക്ഷകർ നേരിട്ട് കണ്ട് അഭിപ്രായം തേടും. മാത്രമല്ല,
എംപിമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും നിലപാടുകൾ കൂടി ചോദിച്ചറിഞ്ഞ ശോഷമായിരിക്കും ഹൈക്കമാൻഡിനെ തീരുമാനം അറിയിക്കുക. യുഡിഎഫിലെ മറ്റു ഘടകകക്ഷികളുമായും നിരീക്ഷകർ ചർച്ച നടത്തുമെന്ന് സൂചനയുണ്ട്. തുടർന്ന്, നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."