എറിയാട് മാനങ്കേരി അബ്ദു കൊലപാതകം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊടുങ്ങല്ലൂര്‍: എറിയാട് മാനങ്കേരി അബ്ദു കൊലപാതകം പത്തു വര്‍ഷത്തിന് ശേഷം സി.ബി.ഐ അന്വേഷണത്തിന് വിട്ട് ഹൈക്കോടതി ഉത്തരവായി. അബ്ദുവിന്റെ മാതാവ് മാനങ്കേരി ഐശു നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി.രാജവിജയരാഘവന്‍ ഉത്തരവിറക്കിയത്. 2006 ഒക്ടോബര്‍ 14 നാണ് എറിയാട് കേരളവര്‍മ്മ ഹൈസ്‌ക്കൂളിന് വടക്കുഭാഗത്ത് താമസിക്കുന്ന മാനങ്കേരി കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദു തലക്കടിയേറ്റ് മരിക്കുന്നത്. രാത്രിയില്‍ സൈക്കളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇയാളെ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന്റെ വടക്കുഭാഗത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. തലക്ക് കമ്പികൊണ്ടുളള അടിയേറ്റ് തലച്ചോറ് പുറത്തുവന്ന നിലയില്‍ റോഡില്‍ കിടന്നിരുന്ന അബ്ദുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചേ മരണപ്പെടുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും കേസ് നീണ്ടുപോകുകയായിരുന്നു. ഇതിനിടയില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മനസിലാക്കിയ അബ്ദുവിന്റെ വൃദ്ധമാതാവ് കേസന്വേഷണം സി.ബി.ഐ ഏല്‍പ്പിക്കണെമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമിപിച്ചു.എന്നാല്‍ കോടതി സി.ബി.ഐക്കു പകരം ക്രൈംബ്രാഞ്ചിനോട് കേസന്വേഷിക്കുവാന്‍ കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചന്വേഷണം ഏങ്ങുമെത്തില്ലന്നും പ്രതികള്‍ പിടിക്കപ്പെടില്ലെന്നും ഉറപ്പായതോടെ ഐശു തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണം പുരോഗമിക്കുന്നുവെന്നും പ്രതികളെക്കുറിച്ച ്‌സൂചന ലഭിച്ചിട്ടുണ്ടെന്നും പലവട്ടം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന നിരീക്ഷണത്തിലെത്തിയ ഹൈക്കോടതി ജസ്റ്റിസ് വി.രാജവിജയരാഘവന്‍ കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."