കരയുന്നു കുന്നരു
തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ അലകളടങ്ങും മുന്‍പെയെത്തിയ ദുരന്തവാര്‍ത്ത കേട്ട് കുന്നരു ഗ്രാമം നടുങ്ങി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കുന്നരുവില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് ജീവനുകളാണ് നഷ്ടപ്പെട്ടത്. നാല് പേര്‍ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓട്ടോഡ്രൈവറായ കാനങ്കിരിയന്‍ ഗണേശന്‍(38), ഭാര്യ ലളിത(36), മകള്‍ ലിഷ്ണ(7), നടുവിലെ പുരയില്‍ ദേവകി(70), ആരാധ്യ(3) എന്നിവരാണ് മരിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ലിഷ്ണ ഒമ്പതുമണിയോടെ പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരണമടഞ്ഞത്. വി.പി.ശ്രീജിത്ത് (32), ഭാര്യ ആശ, ഇടമന അനില്‍കുമാര്‍, മരിച്ച ഗണേശന്റെ സഹോദരന്‍ കമലാക്ഷന്റെ മകള്‍ ആതിര(14) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഓണാഘോഷത്തിന്റെ ഭാഗമായി ഗണേശനും, സുഹൃത്ത് ശ്രീജിത്തും കുടുംബവുമായി ചൂട്ടാട് ബീച്ചിലേക്കുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. എതിരെ വന്നലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സ്ഥലത്ത് മത്സ്യം വാങ്ങാനായി നിന്നിരുന്ന കുന്നരു കാരന്താട്ടെ ദേവകിയും, മത്സ്യം വില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍ ഇടമന അനില്‍കുമാറും അപകടത്തില്‍പെടുകയായിരുന്നു. അപകട വിവരമറിഞ്ഞ് കുന്നരുഗ്രാമം ഒന്നടങ്കം പരിയാരത്തേക്ക് ഒഴുകിയെത്തി.
പരിയാരം മെഡിക്കല്‍ കോളജ് പരിസരം കുന്നരു ഗ്രാമക്കാരെ കൊണ്ടു നിറഞ്ഞു. ആര്‍ക്കും ഒന്നും വിശദീകരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒന്‍പതു മണിയോടെ നടുക്കത്തിന്റെ ആഴം കൂട്ടി ലിഷ്ണയുടെ മരണവിവരവും പുറത്തു വന്നു. ദുരന്തമറിഞ്ഞ് പയ്യന്നൂര്‍ എം.എല്‍.എ കൃഷ്ണന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മെഡിക്കല്‍ കോളജില്‍ എത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."