വന്‍ അവകാശവാദത്തോടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച 'ഹജ്ജ് സുവിധ സ്മാര്‍ട്ട് വാച്ച്' പണിമുടക്കുന്നു; 7,000 രൂപ കൊടുത്ത് വാങ്ങിയ വാച്ച് ഉപേക്ഷിച്ച് തുടങ്ങി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍
റിയാദ്: കേന്ദ്രസര്‍ക്കാര്‍ വന്‍ അവകാശവാദത്തോടെ അവതരിപ്പിച്ച 'ഹജ്ജ് സുവിധ സ്മാര്‍ട്ട് വാച്ച്' വലിയ ബാധ്യതയായതോടെ ഉപേക്ഷിച്ച് തുടങ്ങി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍. സഊദി അറേബ്യയില്‍ ഹജ്ജ് കര്‍മ്മത്തിനെത്തിയ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയ്ക്കായി നല്‍കിയ 'ഹജ്ജ് സുവിധ' സ്മാര്‍ട്ട് വാച്ചുകള്‍ വ്യാപകമായി പണിമുടക്കുന്നതായി പരാതികള്‍ക്കിടെയാണ്, വലിയ പണം കൊടുത്ത് വാങ്ങിയ വാച്ച് ഉപേക്ഷിക്കാന്‍ തുടങ്ങിയത്. വാച്ചുകളുടെ ബാറ്ററി ബാക്കപ്പ് കുറവാണെന്നും കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നുമാണ് തീര്‍ത്ഥാടകരുടെ പ്രധാന ആക്ഷേപം.
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഡിജിറ്റല്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 1.2 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് ജി.പി.എസ് അധിഷ്ഠിത സ്മാര്‍ട്ട് വാച്ചുകള്‍ വിതരണം ചെയ്തത്. എന്നാല്‍ ഇവ കൃത്യമായി പ്രവര്‍ത്തിക്കാത്തത് തീര്‍ത്ഥാടകരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലും പ്രയാസത്തിലും ആക്കുന്നു.
പ്രധാന പരാതികള്‍:
* ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ പോലും ബാറ്ററി നില്‍ക്കുന്നില്ലെന്ന് തീര്‍ത്ഥാടകര്‍ പരാതിപ്പെടുന്നു. കൃത്യമായ ഇടവേളകളില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ പരിമിതമായത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു.
* മിന, അറഫ തുടങ്ങിയ ജനത്തിരക്കേറിയ ഇടങ്ങളില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് തടസ്സം നേരിടുമ്പോള്‍ വാച്ചുകള്‍ പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുന്നു.
* അടിയന്തര ഘട്ടങ്ങളില്‍ തീര്‍ത്ഥാടകരെ കണ്ടെത്താന്‍ ജി.പി.എസ് സംവിധാനം സഹായിക്കുന്നില്ല.
നാല് ലക്ഷത്തിലധികം രൂപ നല്‍കിയാണ് ഓരോ തീര്‍ത്ഥാടകനും ഹജ്ജിനെത്തുന്നത്. ഹജ്ജ് പാക്കേജിന്റെ ഭാഗമായി ഏകദേശം 7,000 രൂപ വില കണക്കാക്കുന്ന ഈ വാച്ച് തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഹജ്ജിനിടെ ഭാര്യയെ കാണാതായ ഭോപ്പാല്‍ സ്വദേശി താഹിര്‍ അലി, വാച്ചിന്റെ പ്രവര്‍ത്തനക്ഷമതയെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
നിര്‍മ്മാതാക്കളുടെ വിശദീകരണം
പരാതികള്‍ അടിസ്ഥാനരഹിതമാണെന്നാണ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മാണ കമ്പനിയായ 'സെക്യോ'യുടെ പ്രതികരണം. വിതരണത്തിന് മുന്‍പ് ഉപകരണങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും, അന്താരാഷ്ട്ര റോമിംഗിലും ലൊക്കേഷന്‍ ട്രാക്കിംഗിലും ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
Summary: Several Indian Haj pilgrims have raised concerns over the performance of the Haj Suvidha Smartwatch, citing battery, charging and connectivity issues during the pilgrimage in Saudi Arabia. The GPS-enabled smartwatch was introduced by the Haj Committee of India (HCoI) as part of a digital safety initiative for Haj pilgrims. More than 1.2 lakh Indian pilgrims received the devices before departure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."