ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ഒരേ കുടുംബത്തിലെ രണ്ട് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെയാകെ നടുക്കുന്നു. വർഷങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്മെയിലിനും ഇരയായ പെൺകുട്ടികൾ നീതി ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പൊലിസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ഉയരുന്ന ആരോപണം.
പീഡനം നാല് വർഷത്തോളം; മൂത്ത സഹോദരിയുടെ മരണം
ഈ വർഷം മാർച്ച് 20-നാണ് മൂത്ത സഹോദരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സാധാരണ ആത്മഹത്യയായി കരുതിയ സംഭവത്തിന് പിന്നിലെ ക്രൂരതകൾ പുറത്തുവരുന്നത് ഏപ്രിൽ 11-ന് ഇളയ സഹോദരി പൊലിസിൽ നൽകിയ പരാതിയോടെയാണ്.
ഗ്രാമത്തിലെ ഇ-മിത്ര സെന്റർ നടത്തിപ്പുകാരനായ മഹിപാൽ എന്നയാൾ മൂത്ത സഹോദരിയുടെ അശ്ലീല വിഡിയോ രഹസ്യമായി ചിത്രീകരിച്ചായിരുന്നു ഭീഷണിക്ക് തുടക്കമിട്ടത്. പിന്നീട് ഇയാൾ സുഹൃത്തുക്കളായ ശിവരാജ്, ഗോപാൽ, വിജാറാം, ദിനേശ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേർക്ക് വിഡിയോ പങ്കുവെച്ചു. കഴിഞ്ഞ നാല് വർഷത്തോളമായി ഈ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും, ലക്ഷക്കണക്കിന് രൂപ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുകയും ചെയ്തു. ഈ ക്രൂരതകൾ സഹിക്കാനാകാതെയാണ് യുവതി ഒടുവിൽ ജീവനൊടുക്കിയത്.
ചേച്ചിയുടെ വിഡിയോ കാണിച്ച് അനിയത്തിയെയും ഇരയാക്കി
മൂത്ത സഹോദരിയുടെ മരണശേഷവും പ്രതികൾ തങ്ങളുടെ ക്രൂരത അവസാനിപ്പിച്ചില്ല. മരിച്ച പെൺകുട്ടിയുടെ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഇവർ ഇളയ സഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ധൈര്യം സംഭരിച്ച് ഏപ്രിൽ 11-ന് പൊലിസിനെ സമീപിച്ചത്.
തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചേച്ചിയുടെ വഴി തന്നെ താനും തിരഞ്ഞെടുക്കുമെന്ന് പെൺകുട്ടി പൊലിസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പരാതി നൽകി എഫ്‌ഐആർ റജിസ്റ്റർ ചെയ്തെങ്കിലും, ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലിസ് തയാറായില്ല. പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പൊലിസ് ഇവർക്ക് കുടപിടിക്കുകയാണെന്നും ആക്ഷേപമുയർന്നു. ഒടുവിൽ നിയമസംവിധാനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഇളയ സഹോദരിയും കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു.
വൻ പ്രതിഷേധം; ഒടുവിൽ പൊലിസ് നടപടി
രണ്ട് സഹോദരിമാരുടെ മരണത്തോടെ ജോധ്പുരിൽ വൻ ജനരോഷമാണ് അണപൊട്ടിയത്. രജ്പുത് സമുദായ സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം അരങ്ങേറി. പൊലിസിന്റെ അനാസ്ഥയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പുനൽകിയ അധികൃതർ, സംഭവത്തിൽ രണ്ട് പ്രതികളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."