ഫ്ളൈഓവര്‍ നിര്‍മാണ നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തം
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസും വാഴൂര്‍ റോഡും സംഗമിക്കുന്ന റെയില്‍വേ സ്റ്റേഷന് ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലം ജംഗ്ഷനിലേക്കു വളഞ്ഞെത്തുന്നതിനാല് ബൈപാസില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഈ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കുന്നതിനായാണ് പുതിയ ഫ്ളൈഓവര്‍ നിര്‍മിക്കുന്നത്.കോട്ടയം നാഗമ്പടം സ്റ്റേഡിയത്തില്‍ 2015 ജൂണ്‍ 26ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഈ ഫ്ളൈഓവര്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ മുഖ്യമന്ത്രി അന്നുതന്നെ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി നല്‍കിയിരുന്നു.
യോഗത്തില്‍ പ്രസംഗിച്ച സി.എഫ്. തോമസ് എം.എല്‍.എ ഉന്നയിച്ച ആവശ്യം അംഗീകരിച്ചുകൊണ്ടാണു മുഖ്യമന്ത്രി ഇക്കാര്യം സമ്മേളനത്തില്‍ വ്യക്തമാക്കിയത്. റെയില്‍വേ ബൈപാസ് ജംഗ്ഷനിലും ചങ്ങനാശേരി കെ.എസ്.ആര്.ടി.സി ജംഗ്ഷനിലും തിരക്ക് ഒഴിവാക്കുന്നതിനായി ഫ്ളൈ ഓവര്‍ സ്ഥാപിക്കണമെന്നത് ദീര്‍ഘനാളായി ഉയര്‍ന്നിരിക്കുന്ന നിര്‍ദേശമാണ്.
വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍മാണ ജോലികള്‍ പുരോഗമിച്ചു വരികയാണ്. ഈ പാലത്തില്‍ വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."