സുപ്രിം കോടതി വിധി പുന:പരിശോധിക്കണം: മഹിളാ അസോസിയേഷന്‍
ഷൊര്‍ണൂര്‍: കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയെ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ എത്തിയത്.
സൗമ്യയുടെ അമ്മ സുമതിയുടെ ഹൃദയവികാരം മഹിളാ അസോസിയേഷന്‍ മാനിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇന്നലെ കോടതിവിധിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തപ്രക്ഷേപണം ചെയ്തതും നിയമമന്ത്രി രാജി വയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ കോലംകത്തിച്ചും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെല്ലാം വളരെ ആസൂത്രിതമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ കേസില്‍ സുപ്രിം കോടതി വിധി പുന:പരിശോധിക്കാന്‍ അടിയന്തരമായി നടപടിയെടുക്കേണ്ടതുണ്ട്.
പ്രതിയുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു സഹായികളാരാണെന്നും സാമ്പത്തിക സ്രോതസ് എന്താണെന്നുകൂടി പൊതുസമൂഹത്തിന് അറിയാന്‍ പറ്റാവുന്ന വിധത്തിലുള്ള അന്വേഷണങ്ങളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു
മഹിളാ അസോസിയേഷന്റെ 20,000ല്‍ പരം യൂനിറ്റുകളില്‍നിന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സലീഖ, ജില്ലാ സെക്രട്ടറി പി. വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, സംസ്ഥാന കമ്മിറ്റി അംഗം സുശീല, ഏരിയാകമ്മിറ്റി അംഗങ്ങളായ പുഷ്പ, മാലിനി, സാവിത്രി വാരസ്യാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍, എം.ബി. രാജേഷ് എം.പി, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചതിനു പിന്നാലെ, യൂത്ത് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പില്‍, ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.വിമല എന്നിവരും സൗമ്യയുടെ വീട്ടിലെത്തി. ഇന്ന് രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുമതിയെ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."