നാക് സന്ദര്‍ശനം: ജില്ലയിലെ ഗവണ്മെന്റ് കോളജുകള്‍ക്ക് മികച്ച നേട്ടം
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് നാക് എ ഗ്രേഡ് ലഭിച്ചതിനു പുറമെ സര്‍വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഗവണ്മെന്റ് കോളജുകള്‍ക്ക് മികച്ച ഗ്രേഡോടെ നാക് അംഗീകാരം. സര്‍വകലാശാലകള്‍ക്കു കീഴിലെ കോളജുകളുടെ നിലവാരം പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക് ) പരിശോധനിയിലാണ് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മലപ്പുറം ഗവണ്മെന്റ് കോളജ്, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളജ് എന്നിവയാണ് മികച്ച ഗ്രേഡ് കരസ്ഥമാക്കിയത്. തിരൂര്‍ വാക്കാട് പ്രവര്‍ത്തിക്കുന്ന തുഞ്ചന്‍ മെമ്മോറില്‍ ഗവ: കോളജിന് ബി പ്ലസ് പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ മലപ്പുറം ഗവണ്മെന്റ് കോളജ് ബി പ്ലസ് ഗ്രേഡാണ് കരസ്ഥമാക്കിയത്. നേരത്തെ തുഞ്ചന്‍ കോളജിന് ബി പ്ലസും മലപ്പുറം കോളജിന് ബി ഗ്രേഡുമായിരുന്നു. ഇതോടെ ഇരു കോളജുകള്‍ക്കും യു.ജി.സിയുടേതുള്‍പ്പെടെ കൂടുതല്‍ സഹായധനം ലഭിക്കും.
കഴിഞ്ഞ ജൂലൈ 25 നാണ് നോര്‍ത്ത് ഒറീസ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ: സുദര്ശന് നന്ദയുടെ നേതൃത്വത്തിലുള്ള സംഘം തുഞ്ചന്‍ മെമ്മോറിയല്‍ കോളജിലും പ്രൊഫ: സുനില്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ഗവണ്മെന്റ് കോളജിലും സന്ദര്‍ശനം നടത്തിയത്. ഇരു കോളജുകളുടേയും അക്കാദമിക-ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംഘം വിവിധ പഠനവിഭാഗങ്ങളിലെ ക്ലാസ് മുറികളും മറ്റു ഭൗതിക-അക്കാദമിക അന്തരീക്ഷവും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കോളജുകളുടെ നിലവാരം ഉയര്‍ന്നതായി കാണിച്ച് ഗ്രേഡ് നിശ്ചയിച്ചത്.
തിരൂര്‍ തുഞ്ചന്‍ കോളജ് 2.79 പോയന്റും മലപ്പുറം ഗവണ്മെന്റ് കോളജ് 2.62 പോയന്റുമാണ് കരസ്ഥമാക്കിയത്. ജില്ലയില്‍ തന്നെയുള്ള കാലിക്കറ്റ് സര്‍വകലാശാല എ ഗ്രേഡോടെ നാക് അംഗീകാരം കരസ്ഥമാക്കിയതും ജില്ലയ്ക്ക് അഭിമാനകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."