ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 'പണി' തുടര്‍ന്ന് സുവന്ദു സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മദ്രസകളുടെ പ്രവര്‍ത്തനം, അടിസ്ഥാന സൗകര്യങ്ങള്‍, നിയമപരമായ പദവി എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സംസ്ഥാനവ്യാപകമായി സര്‍വേ ആരംഭിച്ചതായി ശനിയാഴ്ച ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായാണോ പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യമായ രേഖകള്‍ കൈവശമുണ്ടോ എന്നും പരിശോധിക്കാന്‍ ഈ സര്‍വേ സര്‍ക്കാരിനെ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ ജൂലൈ 5-നകം സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നേരത്തെ സംസ്ഥാനത്തെ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മദ്രസയുടെ കണക്കെടുക്കാനുള്ള നീക്കവുമായി എത്തിയിരിക്കുന്നത്.
മദ്രസകള്‍ നിലനില്‍ക്കുന്ന പ്രദേശം, സ്ഥാപിതമായ വര്‍ഷം, രജിസ്ട്രഷന്‍ രേഖകള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നീ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെസിഡന്‍ഷ്യല്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് മദ്രസകളാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ അവിടെ പഠിപ്പിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങളും നല്‍കണം.
മദ്രസ വിദ്യാഭ്യാസ മേഖലയിലെ ഭാവി പദ്ധതികള്‍ സുഗമമാക്കുന്നതിന് ഒരു പുതുക്കിയ ഡാറ്റാബേസ് തയ്യാറാക്കുകയാണ് ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത മദ്രസകളിലും അസംബ്ലികളില്‍ ദേശീയഗീതം നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസങ്ങളില്‍ മദ്രസ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ദേശീയഗീതം മുഴുവനായും ആലപിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
പിന്ാലെ സര്‍ക്കാരിന്റെ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഒരു വിദ്യാര്‍ത്ഥിയെ അവരുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഗീതാമോ വാചകമോ ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവശങ്ങളുടെ ലംഘനമാണെന്ന് മുസ്ലിം പണ്ഡിതര്‍ പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നല്‍കിയിരുന്നു. സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂള്‍ പരിപാടികളിലും ദേശീയഗാനത്തോടൊപ്പം ദേശീയഗീതവും ആലപിക്കുന്നത് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."