'ഇസ്‌ലാംപുര്‍ വേണ്ട, ശ്രീരാംപുര്‍ മതി'; ആവശ്യവുമായി ബി.ജെ.പി എം.എല്‍.എ, പ്രതിഷേധവുമായി നാട്ടുകാര്‍
ജയ്പുര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഇസ്‌ലാംപുര്‍ ഗ്രാമത്തിന്റെ പേര് ശ്രീരാംപുര്‍ എന്നാക്കി മാറ്റണമെന്ന ബി.ജെ.പി എം.എല്‍.എയുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നാട്ടുക്കാര്‍. ഗ്രാമത്തിന്റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
ജുന്‍ജുനു മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാജേന്ദ്ര ബാംബൂയാണ് ഇസ്‌ലാംപുര്‍ എന്ന പേര് ശ്രീരാംപുര്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് കത്ത് വന്നതോടെയാണ് പേരുമാറ്റ നീക്കത്തിന്റെ വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
എന്നാല്‍, ജനവികാരം ഉള്‍ക്കൊണ്ടാണ് പേരുമാറ്റം ആവശ്യപ്പെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. ഇസ്‌ലാംപുര്‍ എന്ന പേര് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നല്‍കിയ പേരാണെന്നും നിലവിലെ സാഹചര്യത്തില്‍ ശ്രീരാംപുര്‍ എന്ന പേര് കൂടുതല്‍ അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം പേരുമാറ്റ നടപടി പൂര്‍ത്തിയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
അതേസമയം, ഗ്രാമത്തിന്റെ ചരിത്രവും പാരമ്പര്യവും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധം നടത്തുന്നത്. വെള്ളിയാഴ്ച ജുന്‍ജുനു കലക്ടറേറ്റിലെത്തിയ ഗ്രാമവാസികള്‍ പേര് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു. ബി.ജെ.പി എം.എല്‍.എ.ക്കെതിരേയും മുദ്രാവാക്യങ്ങള്‍ മുഴക്കി.
1451ല്‍ നവാബ് ഇസ്‌ലാം ഖാന്‍ സ്ഥാപിച്ച ഗ്രാമമാണ് ഇസ്‌ലാംപുര്‍ എന്നും പേരുമാറ്റം ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ യാതൊരു ആവശ്യവും ഉയര്‍ത്തിട്ടില്ലന്നും മുന്‍ ഗ്രാമമുഖ്യന്‍ അമീന്‍ മനിയാര്‍ പറഞ്ഞു. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമവാസികളുടെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെ പേരുമാറ്റം നടത്താനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
'No Islampur, Srirampur is enough'; BJP MLA demands, locals protest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."