അരുണാചൽ പ്രദേശിൽ നിയമപരമായ രേഖകളില്ലെന്ന് ആരോപിച്ച് ജുമാ മസ്ജിദ് ഉൾപ്പെടെ 15 പള്ളികൾ അധികൃതർ അടച്ചുപൂട്ടി; നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ഇറ്റാനഗർ: അരുണാചൽ പ്രദേശ് തലസ്ഥാനമായ ഇറ്റാനഗറിലെ 15 പള്ളികൾ അധികൃതർ അടച്ചുപൂട്ടി. പള്ളികൾക്ക് മതിയായ നിയമപരമായ രേഖകളില്ലെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇറ്റാനഗറിലെ ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള പള്ളികൾ പൂട്ടാൻ അസിസ്റ്റന്റ് കമ്മിഷണറും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ആണ് ഉത്തരവിട്ടത്.
പള്ളികൾക്ക് പുറമെ മതപാഠശാലകൾക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്. ഭൂവുടമകൾക്കുണ്ടായ സമ്മർദത്തെ തുടർന്ന് മേഖലയിലെ 14 മദ്‌റസകളിൽ 11 എണ്ണം ഇതിനകം പൂട്ടിയിരുന്നു. എന്നാൽ ഈ നടപടി വിവേചനപരമാണെന്നും ഇസ്‍ലാമിക സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്നും അംഗീകരിക്കാനാവില്ലെന്ന് ഓൾ അരുണാചൽ പ്രദേശ് മസ്ജിദ് വെൽഫെയർ കമ്മിറ്റി പ്രതികരിച്ചു.
അതേസമയം പള്ളികൾ അടച്ചുപൂട്ടിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെ ഇസ്‍ലാമിക സ്ഥാപനങ്ങൾക്കെതിരെ മാസങ്ങളായി നിലനിൽക്കുന്ന സമ്മർദ്ദത്തിന്റെ തുടർച്ചയാണ് ഈ നടപടിയെന്ന് മുസ്‌ലിം സമുദായ നേതാക്കൾ ആരോപിച്ചതായി 'ദി ഹിന്ദുസ്ഥാൻ ഗസറ്റ്' റിപ്പോർട്ട് ചെയ്യുന്നു.
അടച്ചുപൂട്ടിയ പള്ളികൾ എത്രയും വേഗം വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ അരുണാചൽ പ്രദേശ് മസ്ജിദ് വെൽഫെയർ കമ്മിറ്റി (AAPMWC) തലസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരമായ സ്ഥാപനങ്ങളുടെ രേഖകളും നിയമസാധുതയും പരിശോധിക്കുന്നതിൽ തെറ്റില്ല, എന്നാൽ അത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചാകരുതെന്നും കമ്മിറ്റി വ്യക്തമാക്കി.
പള്ളികളുടെ രേഖകൾ അധികൃതർ പരിശോധിച്ചുവരികയാണെന്ന് ഓൾ അരുണാചൽ പ്രദേശ് മസ്ജിദ് വെൽഫെയർ കമ്മിറ്റി അംഗം ഗിയ ലിംപെ സുൽത്താൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ഇതേ മാനദണ്ഡം നിയമപരമായ അംഗീകാരങ്ങളോ കൃത്യമായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന മറ്റ് സമുദായങ്ങളുടെ ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, നാംഘറുകൾ തുടങ്ങിയ എല്ലാ മതഘടനകൾക്കും ബാധകമാക്കാൻ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"ഞങ്ങൾ നിയമം പാലിക്കുന്നതിന് എതിരല്ല. എന്നാൽ നിയമം നടപ്പിലാക്കുന്നതിലെ വിവേചനപരമായ രീതിയെയാണ് ചോദ്യം ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ പരിശോധിച്ചാൽ മറ്റ് സമുദായങ്ങളിൽപ്പെട്ട നിരവധി മതസ്ഥാപനങ്ങളും പൂർണ്ണമായ നിയമപരമായ അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാകും എന്ന് ഗിയ ലിംപെ സുൽത്താൻ വ്യക്തമാക്കി. പ്രദേശത്ത് മുൻപങ്ങും ഇല്ലാത്തവിധം ബോധപൂർവ്വമായ തർക്കങ്ങൾ സൃഷ്ടിക്കാനാണ് ചില സംഘടനകൾ ശ്രമിക്കുന്നതെന്ന് പ്രാദേശിക മുസ്‌ലിം കൂട്ടായ്മകൾ ആരോപിച്ചു. അനധികൃതമായി മദ്രസകൾ നടത്തുന്നു എന്നാരോപിച്ചായിരുന്നു അധിക അതിക്രമങ്ങളും.
വർഷങ്ങളായി വിശ്വാസികളുടെ സംഭാവനകൾ ഉപയോഗിച്ചും പ്രാദേശിക ഭൂവുടമകളുടെ പൂർണ്ണ സമ്മതത്തോടെയുമാണ് ഇവിടെ പള്ളികൾ നിർമ്മിച്ചിട്ടുള്ളത്. ചില പള്ളി കമ്മിറ്റികൾ ഭൂമി അനുവദിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും കൃത്യമായി രേഖകൾ അധികാരികൾക്ക് മുൻപിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പള്ളികളെ നിയമവിരുദ്ധമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്.
പരസ്യമായ പ്രതികരണങ്ങൾക്ക് മുന്നോട്ട് വരാൻ പലരും മടിക്കുകയാണ്. പ്രതികരിച്ചാൽ "പുറത്തുനിന്നുള്ളവർ" എന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയത്താലാണ് പലരും അടച്ചുപൂട്ടലുകൾക്കെതിരെ പരസ്യമായി രംഗത്തുവരാൻ മടിക്കുന്നതെന്നും പള്ളി ഭാരവാഹി വ്യക്തമാക്കി.
The action followed sustained protests and pressure from indigenous groups, primarily the Arunachal Pradesh Indigenous Youth Organisation (APIYO). They raised concerns over illegal immigration, demographic changes, and the unchecked construction of religious buildings in the tribal state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."