HOME
DETAILS

അലക്കുകാരുടെ ദേശം

  
backup
September 17 2016 | 19:09 PM

%e0%b4%85%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82

കല്ലായിയിലെ മരവ്യാപാരം കഴിഞ്ഞാല്‍ പുറംലോകത്ത് കോഴിക്കോട് ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് മുതലക്കുളത്തെ അലക്കു കേന്ദ്രത്തിന്റെ പേരിലാണ്. സാമൂതിരി രാജാവിന്റെ അലക്കുകാരായിട്ടാണ് ഈ വിഭാഗത്തിന്റെ പിറവി. മുതലക്കുളത്തിന് ആ പേര് വന്നതിനു പിന്നിലും സാമൂതിരി രാജാവായിരുന്നു. അഗ്നിപരീക്ഷ, കുട പരീക്ഷ തുടങ്ങിയ രാജാവിന്റെ നിരവധി ശിക്ഷാ രീതികളെ പോലോത്ത മറ്റൊന്നായിരുന്നു ജല പരീക്ഷ. ജല പരീക്ഷ നടത്തിയിരുന്നത് മുതലക്കുളത്തിലായിരുന്നു. കുറ്റം ആരോപിക്കപ്പെട്ടയാളെ മുതലകളുള്ള കുളത്തില്‍ കൂടി നടത്തിക്കും. ഇതിനിടയില്‍ മുതല കടിച്ചാല്‍ കുറ്റക്കാരനെന്നും അല്ലെങ്കിലും നിരപരാധിയെന്നും രാജാവ് വിധിക്കും. ഇതേ കുളത്തിന്റെ മറ്റൊരു ഭാഗത്താണ് വണ്ണാന്മാര്‍ വസ്ത്രങ്ങള്‍ അലക്കിയിരുന്നത്. ബ്രീട്ടീഷുകാര്‍ ഈ സ്ഥലം കീഴടക്കുമ്പോള്‍ കുളത്തിന്റെ ഒരുവശം ഇടിഞ്ഞ നിലയിലായിരുന്നു. ഇതു നന്നാക്കുന്നതിനു പകരം അവര്‍ അപ്പാടെ കുളം മണ്ണിട്ടു മൂടി. സ്ഥലം അലക്കുകാര്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്തു.
സാമൂതിരിയുടെ കാലത്ത് രാജാക്കന്മാരുടെയും മന്ത്രിമാരുടെയും അവരുടെ ഭാര്യമാരുടെയും വസ്ത്രം അലക്കിയിരുന്ന ഇവര്‍ ബ്രിട്ടീഷുകാരുടെ വരവോടെ ബ്രീട്ടീഷ് ഭരണാധികാരികളുടെയും പൊലിസ് സേനയുടെയും അലക്കുകാരായി. എന്നാല്‍ രാജഭരണവും കോളനിവാഴ്ചയും അവസാനിച്ചതോടെ അവര്‍ക്ക് കഷ്ടടകാലം തുടങ്ങുകയായിരുന്നു.

ലഭിച്ച പരിഗണന
സാമൂതിരിയുടെ ഭരണശേഷം കോഴിക്കോടിന്റെ ഭരണം ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തപ്പോള്‍ അവര്‍ വസ്ത്രം അലക്കാനും മറ്റും ഉപയോഗിച്ചിരുന്ന മുതലക്കുളം അപ്പാടെ വണ്ണാന്മാര്‍ക്ക് തീറെഴുതിക്കൊടുത്തു. 'ലോബിഗാന' എന്ന നിയമത്തിലൂടെയാണ് ബ്രിട്ടീഷ് ഭരണകൂടം ഇതു ചെയ്തത്. കോഴിക്കോടിന്റെ ഹൃദയ ഭാഗത്തുള്ള മുതലക്കുളം അലക്കുകാരുടെ ദേശം ആയത് അങ്ങനെയാണ്. പിന്നീട് കോര്‍പറേഷന്‍ ഭരണം വന്നപ്പോള്‍ വെസ്റ്റ്ഹില്ലില്‍ മുതലക്കുളത്തിന് പകരം സ്ഥലം പതിച്ചുനല്‍കിയെങ്കിലും ഇവര്‍ സമ്മതിച്ചില്ല. അങ്ങനെ നഗരഹൃദയത്തിലെ ഈ 67 സെന്റ് സ്ഥലം സമ്മേളനങ്ങള്‍ക്കും അലക്കിനും വേണ്ടി മാത്രം ഇപ്പോഴും ഉപയോഗിക്കുന്നു.
ബ്രീട്ടീഷുകാരുടെ കാലത്ത് അലക്കുകാരായി വന്നിരുന്നത് തമിഴ്, ആന്ധ്രാ വംശത്തില്‍പ്പെട്ടവരായിരുന്നു. പൊതുവെ വണ്ണാന്‍ എന്നാണ് ഈ വിഭാഗത്തെ വിളിച്ചിരുന്നതെങ്കിലും തെക്കന്‍ ഭാഗത്തുനിന്നു വന്നവര്‍ മണ്ണാന്മാര്‍ എന്നും വടക്കുനിന്ന് വന്നവര്‍ വണ്ണാന്മാര്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
60 വര്‍ഷക്കാലം അലക്കുജോലി ചെയ്താല്‍ മാത്രമേ 'വണ്ണാന്‍' എന്ന പദവി അവര്‍ക്ക് ബ്രിട്ടീഷുകാര്‍ പതിച്ചുനല്‍കിയിരുന്നുള്ളൂ. ഈ ജോലി ചെയ്യുന്നവരെല്ലാം വണ്ണാന്മാരാണെന്നാണ് പൊതുവെ അറിയപ്പെട്ടിരുന്നതെങ്കിലും ആനുകൂല്യങ്ങളും അര്‍ഹമായ സ്ഥാനവും ലഭിച്ചിരുന്നത് യഥാര്‍ഥ വണ്ണാന്മാര്‍ക്ക് മാത്രമായിരുന്നു.
വണ്ണാന്‍മാരെക്കൂടാതെ ഹിന്ദു മതവിശ്വാസികള്‍ക്ക് അക്കാലത്ത് വിശ്വാസ ജീവിതം സാധ്യമല്ലായിരുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന 'മാറ്റുരക്കല്‍' എന്ന ആചാരത്തിന്റെ മുഖ്യ കാര്‍മികര്‍ വണ്ണാന്മാരായിരുന്നു. പ്രസവം കഴിഞ്ഞാല്‍ മുതലക്കുളത്തുള്ള പ്രത്യേക വണ്ണാനെ ആ സ്ത്രീയുടെ വസ്ത്രങ്ങള്‍ അലക്കാന്‍ ഏല്‍പ്പിക്കും. അങ്ങനെ ചെയ്താല്‍ മാത്രമേ ആ പെണ്ണിന് ഭാവിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനാവൂ എന്ന ആചാരം നിലനിന്നിരുന്നു. മുതലക്കുളത്തുള്ള എല്ലാ അലക്കുകാരും ഹിന്ദുമത വിശ്വാസികളാണ്. അവര്‍ക്കു മാത്രമായി ഒരു ക്ഷേത്രവും ഇവിടെയുണ്ട്. 'മുത്തുമാരിയമ്മന്‍' എന്ന ദേവിയെയാണ് ഇവര്‍ ആരാധിക്കുന്നത്.
ആദ്യകാലത്തെപ്പോലെ ഇന്ന് അലക്കുകാരെ ആശ്രയിക്കുന്നവര്‍ കുറഞ്ഞതും പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്തതും കാരണമായി ഭാവിയില്‍ ഈ വിഭാഗം തന്നെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. 'മാറ്റുരക്കല്‍' എന്ന ഹിന്ദു ആചാരങ്ങള്‍ക്ക് ഇന്നു ഇവരെ ഉപയോഗിക്കുന്നില്ല.
രാജഭരണത്തിലും കോളനിവാഴ്ചക്കാലത്തും ഉയര്‍ന്ന നിലയിലുണ്ടായിരുന്ന അവര്‍ സ്വാതന്ത്ര്യാനന്തരം താഴേ തട്ടിലായിപ്പോയി. ഇ.എം.എസ് സര്‍ക്കാരിനെതിരേ തന്നെ ഇവര്‍ ശക്തമായ സമരത്തിലേര്‍പ്പെട്ടിരുന്നു. തങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കണമെന്നും ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. പിന്നീട് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായ സമയത്താണ് 60 വയസ് കഴിഞ്ഞ വണ്ണാന്മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇതുകൊണ്ടൊന്നും അവര്‍ തൃപ്തരായിരുന്നില്ല.
വീടുകളിലും ലോഡ്ജുകളിലും കയറിയിറങ്ങി വസ്ത്രങ്ങള്‍ ശേഖരിക്കുകയും അത് അലക്കി വൃത്തിയാക്കി നേരിട്ട് പണം കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണിപ്പോള്‍. ഇങ്ങനെ പണിയെടുക്കുന്നവരില്‍ കുറച്ചുപേര്‍ മാത്രമാണ് മുതലക്കുളത്തിനടുത്ത ചേരിയില്‍ താമസമാക്കിയവര്‍. മാലിന്യങ്ങളും മലിനജലവും തളം കെട്ടി നില്‍ക്കുന്ന ചേരിയുടെ അവസ്ഥ ദയനീയം തന്നെ. അല്ലാത്തവര്‍ നഗരത്തില്‍ സമീപപ്രദേശങ്ങളിലാണ് താമസം. സംഘടിതമാണെങ്കിലും അസംഘടിതമെന്നു വിളിക്കാവുന്ന ജോലിയാണിത്. എല്ലാവരും ഒരുമിക്കുമെങ്കിലും അവരവര്‍ സ്വന്തം ജോലി നോക്കി കഴിയുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയുള്ള സമയത്തിനകത്ത് അലക്കിനുള്ള വസ്ത്രങ്ങള്‍ സ്വയം കണ്ടെത്തുകയും അത് സ്വയം വൃത്തിയാക്കുകയും ചെയ്യുന്നു.
വണ്ണാന്മാരുടെ എണ്ണം കുറഞ്ഞുവരികയാണ്. അലക്ക് ജോലിയിലേക്ക് പുതിയ തലമുറയുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അലക്കു ജോലി ഒഴിവാക്കിപ്പോകുന്നവര്‍ക്ക് ആന്റണി സര്‍ക്കാര്‍ മറ്റു ജോലിയും പുനരധിവാസവും നല്‍കിയതോടെ ഈ മേഖലയില്‍ നിന്നു നിരവധിയാളുകള്‍ കൊഴിഞ്ഞുപോയി.

ഒന്നും ബാധകമല്ലാത്തവര്‍
ഞായറാഴ്ചയും പണിമുടക്കും ഹര്‍ത്താലും പ്രത്യേക ദിനങ്ങളുമൊന്നും അലക്കുകാരെ ബാധിക്കാറേയില്ല. പക്ഷേ, എല്ലാ മാസവും ഇവര്‍ക്കു മാത്രമായൊരു അവധിയുണ്ട്. എല്ലാ മാസവും അഞ്ചാം തിയതിയാണത്. 2008 വരെ ഇവര്‍ക്കൊരു യൂനിയന്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസുകാരനായ വാവൂര്‍ ബാലകൃഷ്ണന്‍ എന്നയാളായിരുന്നു ഇവരുടെ നേതാവ്. ഇയാളുടെ നേതൃത്വത്തില്‍ എല്ലാ മാസവും അഞ്ചാം തിയതി യോഗം വിളിച്ചിരുന്നു. അന്നേദിവസം ജോലിക്ക് അവധിയും. എന്നാല്‍ 2008 ഓഗസ്റ്റ് 22ന് ബാലകൃഷ്ണന്‍ മരിക്കുന്നതോടെ യോഗം നിലച്ചുപോയി. പിന്നീട് ഇവരുടെ നേതൃത്വം ഏറ്റെടുക്കാനും ആരുമുണ്ടായില്ല. എങ്കിലും അഞ്ചാം തിയതിയിലെ അവധി ഇന്നും തുടര്‍ന്നുപോകുന്നു. അലക്കുകാരെല്ലാം വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവികളാണെങ്കിലും ഇവരുടെ യൂനിയന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല.
ഇവരുടെ അനുമതിയില്ലാതെ മുതലക്കുളം മൈതാനിയില്‍ ഒരു പരിപാടിയും നടത്താനാവില്ല. കോര്‍പറേഷനില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം അനുമതി പത്രം അലക്കുകാരെ കാണിക്കണം. എങ്കില്‍ നാലു മണിക്കു തന്നെ അവര്‍ സ്ഥലം കാലിയാക്കിക്കൊടുക്കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  11 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago