പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പദ്ധതിയില്‍ കേരളം ഇപ്പോള്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പദ്ധതി വേണ്ടെന്നു വെക്കാന്‍ ഇടതു സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടില്ല. 99 കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ് ഇതുമായി ബന്ധപ്പെട്ടുള്ള ആശയപരമായ എതിര്‍പ്പ്. പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം . ഇതാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ നിലപാടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനറായും മന്ത്രിമാരായ റോജി എം. ജോണ്‍, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവര്‍ അംഗങ്ങളായും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും പി.എം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. പി.എം ശ്രീ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കരാര്‍ മരവിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."