സൈബർ തട്ടിപ്പ് കേസ്; മുൻ പ്രധാനമന്ത്രിയുടെ മകന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു, തട്ടിപ്പിന് ഇരയായത് നരേഷ് ഗുജ്‌റാൾ
ന്യൂഡൽഹി: സൈബർ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുൻ രാജ്യസഭാംഗവും മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകനുമായ നരേഷ് ഗുജ്‌റാൾ. അദ്ദേഹത്തിന്റെ കമ്പനിയിൽ നിന്ന് 7.8 കോടി രൂപ സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തതായി റിപ്പോർട്ട്.
നരേഷ് ഗുജ്‌റാളിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി വ്യാജ അക്കൗണ്ട് സൃഷ്ടിച്ച തട്ടിപ്പുകാർ, കമ്പനിയിലെ ഒരു ജീവനക്കാരന് പണം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. ആർ.ടി.ജി.എസ് (RTGS) വഴി നിശ്ചിത ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുക കൈമാറാൻ നിർദേശിക്കുകയും ചെയ്തു.
ഇത് യഥാർത്ഥ നിർദേശമാണെന്ന് വിശ്വസിച്ച ജീവനക്കാരൻ നാല് തവണകളായി 7.8 കോടി രൂപ ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചു. ജൂൺ 12 മുതൽ ജൂൺ 16 വരെയുള്ള ദിവസങ്ങളിലായിരുന്നു പണമിടപാടുകൾ നടന്നത്.
ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിതെന്ന് പൊലിസ് അറിയിച്ചു. വലിയ തുക കൈമാറുന്നതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ നരേഷ് ഗുജ്‌റാളിന്റെ നിർദേശപ്രകാരമാണെന്ന് കരുതി ഇടപാടിന് അനുമതി നൽകുകയായിരുന്നു.
പിന്നീട് നരേഷ് ഗുജ്‌റാളിന്റെ മകൾ ദിക്ഷ ഗുജ്‌റാളുമായി ബന്ധപ്പെട്ട ജീവനക്കാരൻ നടത്തിയ സംഭാഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് കമ്പനി പൊലിസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലിസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തട്ടിപ്പുകാർക്ക് കൈമാറിയ തുകയിൽ നാല് കോടി രൂപ മരവിപ്പിക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. തട്ടിപ്പുകാർക്ക് അയച്ച പണത്തിന്റെ വലിയൊരു ഭാഗം തിരിച്ചുപിടിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും നരേഷ് ഗുജ്‌റാൾ പ്രതികരിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പ്രമുഖരുടെ പേരിൽ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സൈബർ സംഘങ്ങളെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
Former Rajya Sabha member and son of former Prime Minister I.K. Gujral, Naresh Gujral, has fallen victim to a cyber financial fraud. Reports say that a cyber fraud gang siphoned off ₹7.8 crore from his company.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."