ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 16 വര്‍ഷം നീണ്ട കരിയറിനാണ് ബാലാജി വിരാമമിടുന്നത്.
ഞാന്‍ വിരമിക്കുകയാണ്, എനിക്കിപ്പോള്‍ ചെറിയ ഒരു കുടുംബമുണ്ട്, 16 വര്‍ഷം ഞാന്‍ ക്രിക്കറ്റിന് വേണ്ടിയാണ് എല്ലാം സമര്‍പ്പിച്ചത്. ഐ.പി.എല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് ബാലാജി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുളള ബാലാജിക്ക് തുടര്‍ച്ചയായുണ്ടായ പരുക്കാണ് തിരിച്ചടിയായത്. 2002ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബാലാജി എട്ട് ടെസ്റ്റുകളും 30 ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
എട്ട് ടെസ്റ്റില്‍ നിന്നും 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്നും 34 വിക്കറ്റും ബാലാജി സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 10 വിക്കറ്റും നേടിയിട്ടുണ്ട്. 2004ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലൂടെയാണ് ബാലാജി ജനപ്രിയ ക്രിക്കറ്റ് താരമായി ഉയരുന്നത്. പാകിസ്താനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ബാലാജി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ നിന്ന് 330 വിക്കറ്റ് വീഴ്ത്തിയിട്ടുളള ബാലാജി ഐ.പി.എല്ലില്‍ 73 മത്സരങ്ങളില്‍ നിന്ന് 76 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."