പയ്യന്നൂര്‍ അപകടം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: കഴിഞ്ഞദിവസം പയ്യന്നൂര്‍ കുന്നരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ മിനിലോറി ഡ്രൈവറെ പൊലിസ് അറസ്റ്റുചെയ്തു.
കുരിശുമുക്കിലെ നാരായണന്റെ മകന്‍ ടി.എം സന്തോഷ് എന്ന ശേഖറിനെ (34) യാണ് സി.ഐ എം.പി ആസാദും സംഘവും പിടികൂടിയത്. അപകടം നടന്നയുടന്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരേ നരഹത്യയ്ക്കും അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിനുമാണു കേസെടുത്തത്. അതേസമയം, അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന നാലുപേരില്‍ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
വടക്കുമ്പാട്ടെ നാരായണന്റെ മകന്‍ വി.പി ശ്രീജിത്തിനെ (32) യാണ് തലശ്ശേരിയില്‍ നിന്നെത്തിയ പ്രത്യേക ആംബുലന്‍സില്‍ മംഗളൂരുവിലേക്കു കൊണ്ടുപോയത്. ശ്രീജിത്തിന്റെ ഭാര്യ ആശ പരിയാരം മെഡിക്കല്‍കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. അപകടത്തില്‍ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ മരിച്ചിരുന്നു.
ഗുഡ്‌സ് ഓട്ടോഡ്രൈവറും മുന്‍ രാമന്തളി പഞ്ചായത്ത് അംഗവുമായ കക്കംപാറയിലെ ഇടമന അനില്‍കുമാര്‍, കമലാക്ഷന്റെ മകള്‍ ആതിര എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ കഴിയുന്നവരെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."