ചെല്‍സിയെ ലിവര്‍പൂള്‍ വീഴ്ത്തി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ലിവര്‍പൂള്‍, ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെയ്‌സ്റ്റെര്‍ സിറ്റി ടീമുകള്‍ക്ക് വമ്പന്‍ ജയം. ലിവര്‍പൂള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെല്‍സിയെ വീഴ്ത്തിയപ്പോള്‍ ആഴ്‌സണല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെയും മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളിന് ബേണ്‍മൗത്തിനെയും ലെയ്‌സ്റ്റെര്‍ എതിരില്ലാത്ത മൂന്നു ഗോളിന് ബേണ്‍ലിയെയും പരാജയപ്പെടുത്തി.
ലിവര്‍പൂളിനെതിരേ പുതിയ പരിശീലകന്‍ അന്റോണിയോ കോണ്ടെയ്ക്ക് കീഴില്‍ ആദ്യ തോല്‍വിയാണ് ചെല്‍സി വഴങ്ങിയത്. കളിയുടെ സമസ്ത മേഖലകളിലും ചെല്‍സിയെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ലിവര്‍പൂളിന്റേത്.
വേഗമേറിയ നീക്കങ്ങള്‍ കൊണ്ട് ചെല്‍സിയെ ഞെട്ടിച്ച ലിവര്‍പൂള്‍ 17ാം മിനുട്ടില്‍ അക്കൗണ്ട് തുറന്നു. ഫിലിപ്പ് കുട്ടീഞ്ഞോയുടെ തകര്‍പ്പനൊരു ക്രോസില്‍ മികച്ചൊരു വോളിയിലൂടെ ദേജാന്‍ ലോവ്‌റനാണ് ഗോള്‍ നേടിയത്. ചെല്‍സിയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ മുതലെടുത്തായിരുന്നു ലോവ്‌റന്റെ ഗോള്‍. 36ാം മിനുട്ടില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ ലീഡ് ഉയര്‍ത്തി. ചെല്‍സി പ്രതിരോധ താരം ടിം കാഹിലിന്റെ പിഴവില്‍ നിന്നാണ് ഹെന്‍ഡേഴ്‌സന്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ഡീഗോ കോസ്റ്റ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോളൊന്നും നേടാന്‍ ചെല്‍സിക്ക് സാധിച്ചില്ല.
ഹള്‍ സിറ്റിയെ ഗോളില്‍ മുക്കിയാണ് ആഴ്‌സണല്‍ വമ്പന്‍ ജയം നേടിയത്. അലക്‌സിസ് സാഞ്ചസിന്റെ ഇരട്ട ഗോളുകളാണ് ടീമിന് ജയമൊരുക്കിയത്. 17, 83 മിനുട്ടുകളിലാണ് താരത്തിന്റ ഗോളുകള്‍ പിറന്നത്. തിയോ വാല്‍ക്കോട്ട്, ഗ്രാനിത് ഷാല്‍ക്ക എന്നിവര്‍ ശേഷിച്ച ഗോള്‍ നേടി. റോബര്‍ട്ട് സ്‌നോഡ്ഗ്രാസ് ഹള്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
ബേണ്‍മൗത്തിനെതിരേ കെവിന്‍ ഡിബ്രൂയിന്‍, കെല്ലെച്ചി ഇഹിയനാച്ചോ, റഹീം സ്റ്റെര്‍ലിങ്, ഗുണ്ടോഗന്‍ എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ബേണ്‍മൗത്തിന് മികവിലേക്കുയരാനായില്ല.
ലീഗില്‍ കളിച്ച അഞ്ചു മത്സരത്തിലും ജയം സ്വന്തമാക്കാന്‍ സിറ്റിക്ക് സാധിച്ചു. എന്നാല്‍ മത്സരത്തില്‍ നൊളീറ്റോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് സിറ്റിക്ക് തിരിച്ചടിയായി.
ബേണ്‍ലിക്കെതിരേ നിലവിലെ ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റിക്ക് വമ്പന്‍ ജയമൊരുക്കിയത് സ്ലിമാനി ഇസ്‌ലാമിന്റെ ഇരട്ട ഗോളുകളാണ്. ഇരുപാതികളിലുമായിട്ടാണ് താരം സ്‌കോര്‍ ചെയ്തത്. ശേഷിച്ച ഗോള്‍ ബേണ്‍ലി താരം ബെന്‍ മീയുടെ സെല്‍ഫ് ഗോളായിരുന്നു.
മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോം രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."