ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക
തെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ ഹോര്‍മുസിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവര്‍ ആക്രമിച്ച് അമേരിക്ക. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്നിടങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ കപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ടവര്‍ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും, വിഡ്ഢിത്തം നിറഞ്ഞ നടപടിയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെ ലക്ഷ്യംവെച്ച് അമേരിക്ക ആക്രമണം നടത്തിയത്.
അതിനിടെ ഡ്രോണാക്രമണം യുഎസിന്റെ ഏകപക്ഷീയമായ നടപടിയാണെന്നും, ശക്തമായി തിരിച്ചടിക്കുമെന്നും ഐആര്‍ജിസി വ്യക്തമാക്കി. നിലവിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഹോര്‍മുസില്‍ കുടുങ്ങിക്കിടന്ന സിംഗപ്പൂര്‍ പതാകയുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ആക്രമണം ഇറാന്‍ നടത്തിയതാണെന്ന് കൃത്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ട്രംപ് സൂചിപ്പിച്ച ആക്രമണത്തിന് പിന്നില്‍ ഇറാന്‍ അല്ലെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള ന്യൂസ് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അംഗീകാരമില്ലാതെ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന കപ്പലുകളെ മാത്രമേ ആക്രമിക്കൂവെന്ന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ നടന്ന ആക്രമണം ഇറാന്‍ നടത്തിയതല്ലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."