ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത
കോഴിക്കോട്: നൂറാം വാർഷിക ആഘോഷങ്ങളുടെ ചരിത്ര വിജയത്തിന് ശേഷം കടന്നുവന്ന ആദ്യ സമസ്ത സ്ഥാപക ദിനം കേരളത്തിനകത്തും പുറത്തുമായി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. കോഴിക്കോട് വരക്കൽ മഖാം അങ്കണത്തിൽ നടന്ന സംസ്ഥാനതല സ്ഥാപക ദിനാഘോഷ സംഗമം പണ്ഡിത ശ്രേഷ്ഠരുടെയും സാദാത്തുക്കളുടെയും ഉമറാക്കളുടെയും സാന്നിധ്യം കൊണ്ട് പ്രൗഢോജ്വലമായി.
തനിമ ചോരാതെ 100 വർഷങ്ങൾ കാത്തുസൂക്ഷിച്ച ഇസ്‌ലാമിന്റെ ആശയാദർശങ്ങൾ വരും നൂറ്റാണ്ടിലും ശക്തമായി മുന്നോട്ടു കൊണ്ടുപോവുമെന്നും, നവീനവാദികൾക്കും ബിദ്ഈ പ്രസ്ഥാനങ്ങൾക്കുമെതിരെയുള്ള പ്രതിരോധം കൂടുതൽ ഊർജ്ജസ്വലമായി തുടരുമെന്നും സ്ഥാപക ദിന സംഗമം പ്രഖ്യാപിച്ചു.
സമസ്തയുടെ സ്ഥാപക പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളും, ദീർഘകാലം പ്രസ്ഥാനത്തെ നയിച്ച ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന വരക്കൽ മഖാമിൽ നടന്ന സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തി. സംസ്ഥാനതല സ്ഥാപക ദിനാഘോഷ സംഗമം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് കുനിയയിൽ നടന്ന നൂറാം വാർഷിക മഹാസമ്മേളനം വൻ വിജയമാക്കി നാടിന്റെ ശ്രദ്ധ നേടിയ വിധം മനോഹരമായി നടത്താൻ സാധിച്ചതിലുള്ള സന്തോഷം തങ്ങൾ ഉദ്ഘാടന ഭാഷണത്തിൽ പങ്കുവെച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, എ.വി. അബ്ദുറഹിമാൻ മുസ്‌ലിയാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഒളവണ്ണ അബൂബക്കർ ദാരിമി, ബഷീർ അബ്ദുള്ള ഫൈസി ചീക്കോന്ന്, ബേപ്പൂർ ഖാസി അശ്‌റഫ് മുസ്‌ലിയാർ, എം പി മുഹമ്മദ് മുസ്‌ലിയാർ കട്ങ്ങലൂർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഒ.പി.എം. അശ്റഫ് മൗലവി തുടങ്ങിയ പ്രമുഖ പ്രാസ്ഥാനിക നേതാക്കളും ഉമറാക്കളും സംഗമത്തിൽ സംബന്ധിച്ചു.
സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം ചടങ്ങിന് സ്വാഗതവും,സയ്യിദ് മുബശീർ തങ്ങൾ ജമലുല്ലൈലി നന്ദിയും രേഖപ്പെടുത്തി. സമസ്തയുടെയും വിവിധ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ശാഖാ-മേഖലാ തലങ്ങളിലും വിപുലമായ രീതിയിലാണ് സ്ഥാപക ദിനം ആചരിച്ചത്.
.jpeg)
സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വരക്കൽ മഖാമിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തു കോയ തങ്ങൾ പതാക ഉയർത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."