'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍
തിരുവനന്തപുരം: ലഹരിക്കായി മാരകവിഷമുള്ള പാമ്പായ അണലിയുടെ കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്. നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നു.
അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്‌സിക് വെനം' ആണ് അണലിക്ക്. ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണ്. മന്ത്രിയുടെ പരാമര്‍ശം പോപ്പുലര്‍ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുതെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷന്‍ തൂഫാന്‍ ഇനിയും കേരളത്തില്‍ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ടെന്നും ഡോ ഷിംന അസീസ് പറയുന്നു.
ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. വിഷയം ചര്‍ച്ചയായതോടെ ആരോഗ്യരംഗത്തെ നിരവധി പേര്‍ പ്രതികരണവുമായി എത്തുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
അണലി വെറുതെ കൊത്തിയാല്‍ പോലും വിഷം അകത്തെത്തിയാല്‍ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്‌സിക് വെനം' ആണ് അണലിക്ക്. ജീവന്‍ രക്ഷിച്ചെടുക്കല്‍ അതീവശ്രമകരമാണ്.
നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാല്‍, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതല്‍ പോപ്പുലര്‍ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.
രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാല്‍ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല. മൂര്‍ഖനും വെള്ളിക്കെട്ടനും ഒക്കെയാണ് അത്തരത്തിലുള്ള ന്യൂറോടോക്‌സിക് വെനം ഉള്ളത്. അവയെ ആണ് ലഹരിക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇനി അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടമാണ്.
എന്ന് മാത്രമല്ല, അണലിയുടെ ദംശനമേറ്റാല്‍ മരണപ്പെട്ടില്ലെങ്കില്‍ പോലും ആയുഷ്‌കാലം നിലനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്ഥിരമായി കിഡ്‌നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്‌നങ്ങള്‍...
വളരെയേറെ രക്തക്കുഴലുകള്‍ നിറഞ്ഞ നമ്മുടെ നാക്കില്‍ അണലി കൊത്തിയാല്‍ വിഷം അതിവേഗം ബഹുദൂരം രക്തത്തില്‍ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതല്‍ വേഗത്തില്‍ മരണം സംഭവിക്കാം.
നാക്കില്‍ കൊത്തിക്കാന്‍ വേണ്ടി പ്രവചിക്കാന്‍ പറ്റാത്ത വേഗത്തില്‍ ആക്രമിക്കുന്ന അണലിയെ പിടികൂടാന്‍ ശ്രമിച്ചാല്‍ ആ വകയിലും പാമ്പ്കടി ഏല്‍ക്കാന്‍ ചാന്‍സുണ്ട്.
ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാല്‍, സര്‍പ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവില്‍ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിന്‍കുട്ടി 'കുട്ടി' അല്ല. ലുക്കില്‍ മാത്രമേ ചെറുതുള്ളൂ, വര്‍ക്കില്‍ പലപ്പോഴും വളര്‍ച്ചയെത്തിയ പാമ്പിനേക്കാള്‍ കൂടുതല്‍ അപകകാരിയാണ് പാമ്പിന്‍കുട്ടികള്‍.
മേല്‍ പറഞ്ഞ പല വിധ കാരണങ്ങളാല്‍ അണലിയുടെ കടി അണ്ണാക്കില്‍ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.
കൂടെ ഒന്ന് കൂടി...ഒരു ലഹരിയും ഉപയോഗിക്കാന്‍ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയില്‍ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.
അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷന്‍ തൂഫാന്‍ ഇനിയും കേരളത്തില്‍ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്.
അണലി സ്വന്തം പ്രാരാബ്ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട...
ഡോ.ഷിംന അസീസ്
അതേസമയം, ഇതോടനുബന്ധിച്ച് മറ്റൊരു പോസ്റ്റും ഡോക്ടര്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ പോസ്റ്റില്‍ പാമ്പിനെക്കൊണ്ട് കൊത്തിച്ച് ലഹരി തേടുന്ന മാര്‍ഗമുണ്ട് എന്ന് എന്നെ ബോധവല്‍ക്കരിക്കാനും, ഡോക്ടര്‍ കമ്മി ആയത് കൊണ്ട് ആഭ്യന്തരമന്ത്രിക്കും ഓപറേഷന്‍ തൂഫാനും എതിരെ സംസാരിക്കുന്ന സാമൂഹ്യദ്രോഹിയാണ് എന്ന് ആവര്‍ത്തിച്ച് കമന്റിടാനും നില്‍ക്കുന്നവരുടെയും പോസ്റ്റ് മൊത്തം വായിക്കാന്‍ ക്ഷമയില്ലാത്തവരുടെയും പ്രത്യേകശ്രദ്ധക്ക് ??
നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷങ്ങളേ എന്തെങ്കിലും തരത്തില്‍ ലഹരിസംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടാക്കൂ എന്നത് പോസ്റ്റിലുണ്ട്. അത് അണലിയെക്കൊണ്ട് സാധിക്കില്ല, മൂര്‍ഖനും വെള്ളിക്കെട്ടനും ഒക്കെയാണ് neurotoxic venom ഉള്ളത്. അവയെ ആണ് ലഹരിക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇനി അവയെക്കൊണ്ട് കൊത്തിച്ചാലും വിഷം കേറി ഏറിയും കുറഞ്ഞും മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അപകടമാണ്. (കൂടുതല്‍ വ്യക്തതക്ക് പോസ്റ്റില്‍ ആ ഭാഗത്ത് ഈ നാല് വരികള്‍ കൂടി കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്)
പാമ്പിന്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായ പാമ്പുകളേക്കാള്‍ അപകടകാരിയാണ്. പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവില്‍ അവയ്ക്ക് യാതൊരു നിയന്ത്രണവുമില്ല.
അണലിയെക്കുറിച്ച് മന്ത്രി പറഞ്ഞാല്‍, അതേക്കുറിച്ച് തന്നെ മറുപടി പറയണം. ഇതിനോടകം വളരെ പോപ്പുലര്‍ ആയ പ്രസ്താവന കേട്ട് എപ്പോഴും പുതിയ ലഹരി തേടുന്ന, പഴയ ലഹരിയില്‍ നിന്ന് കിക്ക് നഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നവര്‍ അണലിയെ പിടിച്ച് കൊത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവുമോ?
ഓപ്പറേഷന്‍ തൂഫാന് എതിരെ ഒന്നും ഈ പോസ്റ്റില്‍ ഇല്ല, അതിനെ പ്രോത്‌സാഹിപ്പിക്കുന്നുമുണ്ട്. അത് കാണണമെങ്കില്‍ അക്ഷരവിരോധം മാറ്റി വെച്ച് മൊത്തം പോസ്റ്റ് വായിക്കണം.
ഇടതുരാഷ്ട്രീയമാണ്, പ്രതിപക്ഷമാണ്. സമൂഹത്തിന് എതിരെ നിന്ന് എന്തിനെയും എതിര്‍ക്കാന്‍ മാത്രം അന്ധഭക്തിയില്ല, അന്തംകമ്മിയുമല്ല. എല്ലാ പോസ്റ്റും രാഷ്ട്രീയപോസ്റ്റല്ല.
ഇതൊരു ഡോക്ടറുടെ പ്രൊഫൈലാണ്.
നന്ദി
A doctor has publicly challenged remarks made by Ramesh Chennithala suggesting that a squirrel bite on the tongue could help overcome drug addiction. The medical expert clarified that such a claim has no scientific basis and warned that squirrel bites can cause serious injuries, infections, and other health complications. The doctor emphasized the importance of evidence-based treatment for substance use disorders and cautioned against spreading medically inaccurate information.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."