കാവേരി പ്രശ്നം: ബസ് സര്‍വിസ് നിലച്ചിട്ട് 14 ദിവസം
ഗൂഡല്ലൂര്‍: കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം കാരണം നിര്‍ത്തിവച്ച തമിഴ്നാട്- കര്‍ണാടക ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇനിയും പുനരാംരംഭിച്ചില്ല. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള നേരിട്ടുള്ള സര്‍വീസുകള്‍ 14 ദിവസമായി നിലച്ചിരിക്കുകയാണ്.
നിലവില്‍ ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അതിര്‍ത്തിയായ കക്കനഹല്ല വരെയാണ് സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങി അതിര്‍ത്തി കടന്ന് ബസ് മാറി കയറുകയാണ്. തമിഴ്നാട്ടിലേക്ക് യാത്രക്കാര്‍ക്കായി ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് പുറമേ ജീപ്പുകളും സര്‍വീസ് നടത്തുന്നുണ്ട്.
കര്‍ണാടകയില്‍ സംഘര്‍ഷത്തിന് അയവു വന്നെന്ന് പറയുന്നുണ്ടെങ്കിലും ബസ് സര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഊട്ടി, കുന്നൂര്, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മൈസൂരു, ബംഗ്ലൂരു എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് തമിഴ്നാട് നിര്‍ത്തിവച്ചിരിക്കുന്നത്.
മൈസൂരു, ബംഗ്ലൂരു എന്നിവിടങ്ങളില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ദീര്‍ഘ ദൂര സര്‍വീസുകളും താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ബസ് സര്‍വീസ് ഇല്ലാത്തത് കാരണം വിദ്യാര്ഥികളുള്പെടെയുള്ള നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കൂടാതെ നീലഗിരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."