വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം
തിരുവനന്തപുരം: അദാനി ഗ്രൂപ്പും എം.എസ്.സി (മെഡിറ്ററേനിയന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍)യും തമ്മിലുള്ള ഓഹരി ഇടപാടില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. അദാനി പോര്‍ട്‌സ് എം.എസ്.സിക്ക് ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത് വിഴിഞ്ഞം തുറമുഖത്തില്‍ ഒരു കമ്പനിയുടെ കുത്തകയ്ക്ക് വഴിവെക്കുമോയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ചത്.
കണ്‍സഷണല്‍ എഗ്രിമെന്റ് പ്രകാരം കേരള സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഓഹരി വില്‍ക്കാനോ കരാര്‍ വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന തരത്തില്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുത്താനോ കഴിയില്ലെന്നും 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറിയാല്‍ അത് ഉടമസ്ഥാവകാശ മാറ്റമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
ഒരു കമ്പനിയുടെ നിയന്ത്രണത്തിലാകുന്ന തുറമുഖത്തില്‍ നാട്ടിലെ കയറ്റുമതിക്കാര്‍ക്ക് അതേ കമ്പനിയുടെ കണ്ടെയ്‌നറുകളിലും കപ്പലുകളിലും മാത്രമേ ചരക്ക് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന സാഹചര്യം ഉണ്ടാകുമെന്നും, കമ്പനി നിശ്ചയിക്കുന്ന നിരക്കുകള്‍ അംഗീകരിക്കാന്‍ കയറ്റുമതിക്കാര്‍ നിര്‍ബന്ധിതരാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലോകോത്തര നിലവാരത്തിലുള്ള 'മള്‍ട്ടി ഓപ്പറേറ്റര്‍' തുറമുഖമെന്ന ലക്ഷ്യം ഇതോടെ നഷ്ടപ്പെടുമെന്നും ആരോഗ്യകരമായ മത്സരം ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
2035 മുതല്‍ വിഴിഞ്ഞം തുറമുഖത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വരുമാന വിഹിതം ലഭിക്കാനാണ് വ്യവസ്ഥ. എന്നാല്‍ ഒരു കമ്പനിക്ക് കുത്തക ലഭിച്ചാല്‍ വരുമാനക്കണക്കുകളില്‍ കൃത്രിമം കാണിച്ച് സര്‍ക്കാരിന് ലഭിക്കേണ്ട വിഹിതം കുറയാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. ദേശീയ സുരക്ഷാ പ്രാധാന്യമുള്ള തുറമുഖമായതിനാല്‍ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുന്നത് സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നതും ഗൗരവമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു. എം.എസ്.സി അദാനി പോര്‍ട്ടുമായി ചേര്‍ന്ന് നിക്ഷേപം നടത്താനുള്ള നീക്കത്തെക്കുറിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിനെ സമീപിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
The opposition has expressed concern over the share transaction between the Adani Group and MSC (Mediterranean Shipping Corporation). Opposition Leader Pinarayi Vijayan raised in the Assembly whether Adani Ports' plan to sell shares to MSC would lead to a monopoly of one company at the Vizhinjam Port.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."