അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ
കറാച്ചി: അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പാകിസ്ഥാന്റെ കെ2 എയര്‍വേയ്‌സിന്റെ ബോയിങ് 737−400 ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ ജില്ലയിലുള്ള ഒർമാര പട്ടണത്തിന് തെക്ക് ഏകദേശം 53 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
യു.എ.ഇയിലെ ഷാര്‍ജയില്‍നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക് ചരക്കുവിമാനം അറബിക്കടലിന് മുകളില്‍ വച്ച് ചൊവ്വാഴ്ച രാത്രിയാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടായതായി അറിയിച്ച്, പൈലറ്റ് സഹായം അഭ്യര്‍ഥിച്ചതിന് പിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിനിടെ കറാച്ചിയില്‍നിന്ന് ഏകദേശം 300 കിലോമീറ്റര്‍ പടിഞ്ഞാറുവച്ചാണ് വിമാനവുമായുള്ള റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടത്. വിമാനത്തില്‍ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.
രാത്രി 9.18നാണ് നാവിഗേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടായതായി പൈലറ്റ് കറാച്ചി ഏരിയ കണ്‍ട്രോള്‍ സെന്ററിനെ അറിയിച്ചത്. എന്നാല്‍ വെറും മൂന്ന് മിനിറ്റിനകം വിമാനം അതിവേഗത്തില്‍ ഉയരം നഷ്ടപ്പെടുത്തുന്നതായും ദിശയില്‍ പെട്ടെന്ന് മാറ്റം വരുത്തുന്നതായും റഡാറില്‍ കണ്ടെത്തി. പിന്നാലെ വിമാനവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. 12 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."