മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു
ഭോപാല്‍: അയോധ്യയിലെയും ബദരീനാഥിലേയും സംഭാവനപ്പണം തട്ടിപ്പിന് പിന്നാലെ മധ്യമപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും തട്ടിപ്പ്. ഭക്തരില്‍നിന്ന് ക്ഷേത്രത്തിന്റേതെന്ന വ്യാജേന സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സംഭാവനയായി സ്വീകരിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടര്‍ ലഭിച്ച പരാതികളെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
ക്ഷേത്രത്തിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒരു സംഘം ഭക്തരുടെ പണവും സ്വര്‍ണവും തട്ടിപ്പ് നടത്തിയത്. ക്ഷേത്രത്തിലെ പൂജകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയുടെ പേരിലും സംഘം പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇതിനായി ക്ഷേത്രത്തിന്റെ പേരില്‍ ഒരു സമാന്തര കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നതായാണ് പരാതിയിലുള്ളത്.
അതേസമയം, ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിനെക്കുറിച്ച് പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായും അഗര്‍ മാല്‍വ ജില്ലാ കലക്ടര്‍ പ്രീതി യാദവ് പറഞ്ഞു. പരാതിയില്‍ വിശദമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
അതിനിടെ, ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പിൽ ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പും ക്രമക്കേടും സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രസമിതി ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് നൗട്ടയാലിനെയാണ് ബദരീനാഥ് −കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
വഴിപാടുകള്‍ എണ്ണുന്നതിലും സംഭാവന സ്വീകരിച്ചതിലും വഴിപാടായി ലഭിച്ച വസ്തുക്കള്‍ രേഖപ്പെടുത്തുന്നതിലും പ്രമോദ് ഗുരുതരമായ ക്രമക്കേട് കാട്ടിയെന്നാണ് ഗര്‍വാള്‍ ഡിവിഷണല്‍ കമ്മിഷണറുടെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സമിതി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."