രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ഉടൻ സർവിസ് ആരംഭിച്ചേക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി വികസിപ്പിച്ച ട്രെയിൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 17ന് ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന. നിലവിൽ അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഉത്തര റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ട്രെയിനിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇത് സർവിസ് ആരംഭിക്കുന്നതോടെ ജർമനി, ജപ്പാൻ, ചൈന, അമേരിക്ക എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ പ്രായോഗികമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തും.
ഹരിയാനയിലെ ജിന്ദ്−സോനിപത് പാതയിലാണ് ട്രെയിൻ സർവിസ് നടത്തുക. ഉത്തര റെയിൽവേയുടെ ഡൽഹി ഡിവിഷന്റെ കീഴിലുള്ള ഈ റൂട്ടിൽ ട്രെയിൻ 12 സ്റ്റേഷനുകളിൽ നിർത്തും. ട്രെയിൻ പരമാവധി 75 കിലോമീറ്റർ വേഗതയിൽ ഓടും. 10 കോച്ചുകളുണ്ടാകും. 1200 കിലോവാട്ട് ശേഷിയുള്ള രണ്ട് ഡ്രൈവിങ് പവർ കാറുകളും എട്ട് യാത്രാ കോച്ചുകളും ഉൾപ്പെടും. രണ്ട് പവർ കാറുകളും ചേർന്ന് 2,400 കിലോവാട്ട് ശേഷി നൽകും.
സർവിസ് ആരംഭിക്കുന്നതോടെ ഇത് ലോകത്തിലെ ഏറ്റവും നീളംകൂടിയ ഹൈഡ്രജൻ ട്രെയിൻസെറ്റും ബ്രോഡ് ഗേജിൽ പ്രവർത്തിക്കുന്ന ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ട്രെയിനും ആകും. നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ് റേക്കിനെ ഹൈഡ്രജൻ ട്രെയിനാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."