ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്തെ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂര്‍ ജയിലില്‍ നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കാപ്പാ നിയമപ്രകാരം തടങ്കലിലായതിനാല്‍ അദ്ദേഹത്തെ താല്‍ക്കാലികമായി ജയിലില്‍ നിന്ന് പുറത്തുവിടാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സത്യപ്രതിജ്ഞയ്ക്കായി താല്‍ക്കാലികമായി ജയിലില്‍ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സുരക്ഷാനിയമപരമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സത്യപ്രതിജ്ഞ ജയിലില്‍ തന്നെ നടത്താമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കുകയായിരുന്നു.
കൗണ്‍സിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയം മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയിലല്ലെന്നും ഹൈക്കോടതിയാണ് ഹരജി പരിഗണിക്കേണ്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിനെ തുടര്‍ന്നാണ് സുഗതന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ നടത്തിയെന്ന കാരണത്താല്‍ ആര്‍. സുഗതന്‍ ഉള്‍പ്പെടെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ നിര്‍ദേശിച്ചെങ്കിലും കാപ്പാ നിയമപ്രകാരം ജയിലിലായിരുന്ന സുഗതന് മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
സുഗതന് ചുമത്തിയ ആറുമാസത്തെ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതിയും ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാനും അദ്ദേഹത്തിന് വിലക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."