തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ അനുകൂല വിധി. ഹൈക്കോടതി ഉത്തരവില്‍ പ്രഥമദൃഷ്ട്യാ തിരുത്തല്‍ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നതിന് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിരോധനം നിയമപരമായ ചട്ടക്കൂടുകള്‍ക്ക് അപ്പുറമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. 1958ലെ തമിഴ്‌നാട് അനിമല്‍ പ്രിസര്‍വേഷന്‍ ആക്റ്റിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (Prevention of Cruetly to Animals Act), 2001ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കശാപ്പുശാല) ചട്ടങ്ങള്‍, 1998ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ നിയമം, 2023ലെ തമിഴ്‌നാട് നഗര തദ്ദേശ സ്വയംഭരണ ചട്ടങ്ങള്‍ തുടങ്ങി മറ്റ് നിയമങ്ങളും മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുന്നില്ല -സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. പൂര്‍ണമായ നിരോധനത്തിന് ഉത്തരവിട്ടതിലൂടെ, നിലവിലുള്ള നിയമ ചട്ടങ്ങള്‍ക്ക് പകരം ഹൈക്കോടതി സ്വന്തം നിലയില്‍ നിയമനിര്‍മാണം നടത്തുകയാണ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു.
ജൂണ്‍ 9നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി ഫയല്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലറും അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡുമായ ജയശ്രീ നരസിംഹനാണ് ഹരജി സമര്‍പ്പിച്ചത്.
ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് വി. ലക്ഷ്മീനാരായണന്‍ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മെയ് 27നാണ് തമിഴ്‌നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും നിര്‍ദേശം നല്‍കിയിരുന്നു.
ഹിന്ദു മക്കള്‍ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലായിരുന്നു വിധി പുറപ്പെടുവിച്ചത്. അധികൃതര്‍ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളില്‍ ബക്രീദിന് കശാപ്പുചെയ്യാന്‍ അനുവദിക്കരുതെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
The Supreme Court has stayed the Tamil Nadu government's order imposing a ban on cow slaughter, providing interim relief to the Vijay-led state government. The apex court's decision allows the matter to remain under judicial consideration while further hearings continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."