കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: കത്രിക്കടവിലെ അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ റെസ്റ്റോറന്റില്‍ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, പനി തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീകേഷ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലിസ് റെസ്റ്റോറന്റിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ രോഗബാധയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Three people who ate at Al Reem Kuzhimanthi Restaurant in Kathrikadavu have been confirmed with Shigella. Around 50 people who had kuzhimanthi and other food from the restaurant on the 10th and 11th of this month experienced symptoms of food poisoning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."