കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി
ഹരിപ്പാട്: കെ.എസ്.ആര്‍.ടി.സി ബസില്‍ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയെ കടന്നുപിടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ നാട്ടുകാരും ബസിന്റെ ഡ്രൈവറും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ അമ്പലപ്പുഴ സ്വദേശി രഞ്ജന്‍ (53) ആണ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാട് ശനിയാഴ്ച രാവിലെയാണ് സംഭവം.
കൊല്ലത്തേക്ക് പോകാന്‍ പെണ്‍കുട്ടി ആലപ്പുഴയില്‍ നിന്നാണ് ആലപ്പുഴ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയത്. ബസ് കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തിയപ്പോള്‍ പെണ്‍കുട്ടിയിരുന്ന സീറ്റിലിരുന്ന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.
അപ്രതീക്ഷിത അതിക്രമത്തില്‍ പകച്ചുപോയ പെണ്‍കുട്ടി ബഹളം വെച്ചു. ബഹളംകേട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി. അപ്പോഴേക്കും അക്രമി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. പിന്നാലെയോടിയ ബസിന്റെ ഡ്രൈവറാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ അതേ ബസില്‍ ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെത്തിച്ചു.
പെണ്‍കുട്ടിയുടെ പരാതിയില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."