സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ
റിയാദ്: മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്ന് അവയവങ്ങൾ ശേഖരിച്ച് സഊദി അറേബ്യയിൽ നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ രക്ഷിച്ചു. സഊദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ആണ് ഈ വലിയ നേട്ടത്തിലേക്ക് നയിച്ചത്. ഇതിൽ നാല് നടപടിക്രമങ്ങൾ 48 മണിക്കൂറിനുള്ളിലാണ് പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.
അവയവങ്ങളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച അവസ്ഥയിലുള്ള രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകുന്നതിന് സഊദി അറേബ്യയ്ക്കകത്തും പുറത്തുമുള്ള മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ശസ്ത്രക്രിയകൾ നടത്തിയത്.
ഒരു കുട്ടിയുടേതുൾപ്പെടെ രണ്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, കരൾ പ്രവർത്തനരഹിതമായ കുട്ടിയുടേതുൾപ്പെടെ രണ്ട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, രണ്ട് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, ആറ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ എന്നിവയാണ് വിജയകരമായി പൂർത്തിയാക്കിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിലൂടെ ഡയാലിസിസിനെ ആശ്രയിച്ചിരുന്ന രണ്ട് കുട്ടികളുടെയും മറ്റ് നാല് രോഗികളുടെയും ദുരിതത്തിന് അറുതി വരുത്താനായി.
രോഗികൾക്കിടയിൽ നീതിയുക്തമായ വിതരണം ഉറപ്പാക്കുന്നതിനായി, നിശ്ചയിക്കപ്പെട്ട വൈദ്യശാസ്ത്രപരമായ ധാർമ്മികതയും ക്ലിനിക്കൽ മുൻഗണനകളും അനുസരിച്ചാണ് അവയവങ്ങൾ അനുവദിച്ചതെന്ന് സഊദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. തലാൽ അൽ-ഖൂഫി പറഞ്ഞു.
ആരോഗ്യ സംരക്ഷണ വിഭാഗങ്ങൾ തമ്മിലുള്ള മികച്ച ഏകോപനമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഊദി എയർ മെഡിക്കൽ ഇവാക്വേഷൻ അഡ്മിനിസ്‌ട്രേഷന്റെയും രാജ്യത്തും വിദേശത്തുമായി ശസ്ത്രക്രിയകളിൽ പങ്കെടുത്ത മെഡിക്കൽ സംഘങ്ങളുടെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച ദാതാക്കളുടെ കുടുംബങ്ങളോട് അൽ-ഖൂഫി നന്ദി പറഞ്ഞു. അവരുടെ ഔദാര്യം മറ്റുള്ളവർക്ക് പുതിയ പ്രതീക്ഷയും ജീവിതവും നൽകുന്നതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഗൾഫ് സഹകരണ കൗൺസിലിന്റെ അവയവ കൈമാറ്റ പരിപാടിയുടെ ഭാഗമായി, ബിഷയിലെ കിംഗ് അബ്ദുള്ള ഹോസ്പിറ്റൽ, അൽ-അഹ്സയിലെ കിംഗ് ഫഹദ് ഹോസ്പിറ്റൽ, അബഹയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, യുഎഇയുടെ 'ഹയാത്ത് ഓർഗൻ ഡൊണേഷൻ ആൻഡ് ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാം' എന്നിവയുമായി സഹകരിച്ചാണ് നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്. സഊദി അറേബ്യയിലുള്ളവർക്ക് 'തവക്കൽന' (Tawakkalna) പ്ലാറ്റ്‌ഫോം വഴി ദേശീയ അവയവ ദാന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനോ അതിൽ നിന്ന് പിന്മാറാനോ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."