കാവേരി പ്രശ്നം: 22 കാരി ബസുകള്‍ക്ക് തീ കൊളുത്തിയത് ബിരിയാണിക്കു വേണ്ടി!
ബെംഗളൂരു: കാവരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭത്തിനിടെ ബസുകള്‍ക്ക് തീ കൊളുത്തിയ കേസില്‍ അമ്പരപ്പിക്കുന്ന മൊഴി. കേസില്‍ അറസ്റ്റിലായ 11 പേരില്‍ ഭാഗ്യശ്രീ എന്ന 22 കാരിയുമുണ്ട്. ഇവര്‍ ബസിനു തീ കൊളുത്തിയത് ബിരിയാണിക്കു വേണ്ടിയാണെന്നു വെളിപ്പെടുത്തിയതായി പൊലിസ് പറഞ്ഞു.
കെ.പി.എന്‍ ബസ് ഡിപ്പോയിലെ 42 ബസുകളാണ് ഭാഗ്യശ്രീ അടക്കമുള്ളവര്‍ തീവച്ച് നശിപ്പിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് അച്ഛന് മരിച്ച ഭാഗ്യശ്രീ അമ്മയ്ക്കൊപ്പം ബസ് ഡിപ്പോയിലെ യാര്‍ഡിലാണ് താമസിക്കുന്നത്. ചില്ലറ പണികളെടുത്താണ് ഇവര്‍ ജീവിക്കുന്നത്. സംഭവം നടന്ന ദിവസം കുറച്ച് യുവാക്കള്‍ ഇവരെ സമീപിക്കുകയും ബസിനു തീ കൊളുത്തുകയാണെങ്കില്‍ ബിരിയാണി നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയുമായിരുന്നു.
കന്നഡ ഓര്ഗനൈസേഷന് അംഗമാണെന്ന് ഭാഗ്യശ്രീ. പ്ലാസ്റ്റിക് കാനില്‍ ഇന്ധനവുമായി ബസിനടുത്തേക്ക് നീങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലാവുന്നത്. സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."