അനധികൃത പണമിടപാട്; ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ കോടതി
ഷാർജ: യുഎഇയിൽ ആവശ്യമായ ലൈസൻസുകളില്ലാതെ അനധികൃതമായി വിദേശത്തേക്ക് പണമിടപാടുകൾ നടത്തിവന്ന ഏഷ്യൻ സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ മിസ്ഡിമീനേഴ്സ് കോടതി. പ്രതിക്ക് ലഭിക്കുമായിരുന്ന ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് പകരമാണ് നാടുകടത്തൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഫണ്ടുകളും ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടുകെട്ടാനും കേസിന്റെ നിയമപരമായ ചെലവുകൾ പ്രതി തന്നെ വഹിക്കാനും കോടതി വിധിച്ചു.
യുഎഇ അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതിയോ ലൈസൻസോ ഇല്ലാതെ വിദേശത്തേക്ക് പണം അയക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവാസികളിൽ നിന്ന് ഇയാൾ പണം ശേഖരിച്ചു വരികയായിരുന്നു. രഹസ്യ നിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ് അധികൃതർ ഇയാളുടെ നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തിയത്. ഉപഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുന്നതിനിടെയാണ് പ്രതി പൊലിസിന്റെ പിടിയിലാകുന്നത്. വിദേശത്തുള്ള ഏജന്റുമാരുമായി മൊബൈൽ ഫോൺ വഴിയാണ് ഇയാൾ ഇടപാടുകൾ ഏകോപിപ്പിച്ചിരുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ചോദ്യം ചെയ്യലിലും കോടതി നടപടികൾക്കിടയിലും പ്രതി താൻ ചെയ്ത കുറ്റം സമ്മതിച്ചു. വിദേശത്തേക്ക് നിയമവിരുദ്ധമായി പണം കടത്തിയതിനാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അനുമതിയില്ലാത്ത പണമിടപാടുകൾക്കെതിരെ യുഎഇയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
A Sharjah court ordered the deportation of an Asian expatriate after convicting the individual of conducting illegal money transfer activities, reinforcing the UAE's strict measures against unauthorized financial transactions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."