6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്
തൊടുപുഴ: സംസ്ഥാനത്ത് ആളുകളെ കാണാതാകുന്ന സംഭവങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധനവ് ഉണ്ടാകുന്നതായി കേരള പൊലിസിന്റെ ഔദ്യോഗിക കണക്കുകൾ. 2020 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 68,000 ത്തിലധികം മാൻ മിസിങ് കേസുകളാണ് സംസ്ഥാനത്തെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കാണാതാകുന്നവരിൽ 90 മുതൽ 95 % വരെ ആളുകളെ പൊലിസ് അന്വേഷണത്തിലൂടെയും പൊതുജനങ്ങളുടെ സഹകരണത്തിലൂടെയും പിന്നീട് സുരക്ഷിതമായി കണ്ടെത്താൻ സാധിക്കുന്നുണ്ടെന്നത് വലിയ ആശ്വാസമാണ്.
കേരള പൊലിസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2020 ൽ 8,742 ആയിരുന്നു മിസിങ് കേസുകൾ. 2021 ൽ 9713, 2022 ൽ 11,259, 2023 ൽ 11,760, 2024 ൽ 11,897, 2025 ൽ 11,139, 2026 ജൂൺ വരെ 5253 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാണാതാകൽ കേസുകളിൽ ഭൂരിഭാഗവും ചുരുങ്ങിയ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ തന്നെ പൊലിസ് അന്വേഷിച്ച് കണ്ടെത്തുന്നുണ്ട്. കാണാതെ പോകുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കേസുകളിൽ 95 ശതമാനത്തിന് മുകളിലാണ് പൊലിസിന്റെ വീണ്ടെടുക്കൽ നിരക്ക്. ട്രാക്ക് ചൈൽഡ് പോർട്ടലും പ്രത്യേക അന്വേഷണസംഘങ്ങളും ഇതിൽ നിർണായക പങ്കുവഹിക്കുന്നു. അവശേഷിക്കുന്ന 5 മുതൽ 10 % വരെയുള്ള കേസുകൾ സാമ്പത്തിക ബാധ്യത മൂലമുള്ള ഒളിച്ചോട്ടങ്ങൾ, അന്തർസംസ്ഥാന ബന്ധങ്ങൾ, ആത്മഹത്യകൾ അല്ലെങ്കിൽ മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയായതിനാൽ ഇവരുടെ അന്വേഷണം നീണ്ടുപോകാറുണ്ട്.
മാനസിക സമ്മർദ്ദം, സാമ്പത്തിക ബാധ്യത, കുടുംബ വഴക്ക്, പ്രണയബന്ധങ്ങൾ, വയോജനങ്ങളിലെ രോഗാവസ്ഥ എന്നിവയാണ് പലരേയും വീടുവിട്ട് പോകാൻ പ്രേരിപ്പിക്കുന്നതെന്ന് പൊലിസ് പറയുന്നു.
ആളെ തിരയാൻ ഫേഷ്യൽ റെക്കഗ്‌നിഷനും
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ സി.സി.ടി.വി കാമറകളുമായി ബന്ധിപ്പിച്ചുള്ള ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യയടക്കം കാണാതാകുന്നവർക്കായുള്ള തിരച്ചിലിനായി പൊലിസ് ഉപയോഗിക്കുന്നുണ്ട്.
സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള സി.ഡി.ആർ / മൊബൈൽ ടവർ ലൊക്കേഷൻ ട്രാക്കിങ്, സോഷ്യൽ മീഡിയ നിരീക്ഷണം എന്നിവ ഉപയോഗിച്ചുള്ള ദ്രുതഗതിയിലുള്ള അന്വേഷണം എന്നിവയാണ് പൊലിസ് അവലംബിക്കുന്നത്. പൊലിസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പ്, ട്രാക്ക് ചൈൽഡ് പോർട്ടൽ, ഇൻഫർമേഷൻ നെറ്റ്‌വർക്കുകൾ വഴി വിവരങ്ങൾ തത്സമയം സ്റ്റേഷനുകളിലേക്ക് കൈമാറൽ എന്നിവയും കാണാതാകുന്നവരെ തിരിയാൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അന്തർസംസ്ഥാന ഏകോപനത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ പൊലിസുമായും തൊഴിൽ സ്ഥാപനങ്ങളുമായും ചേർന്ന് പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചുള്ള അന്വേഷണവും ഗുണകരമാണ്.
there are around 68,000 missing cases are reported in kerala from the past 6 years. 90% of cases are successfully and safely rescued by kerala police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."