പി.എസ്.സി വിജ്ഞാപനം; പാര്‍ട് ടൈമിന് ഫുള്‍ടൈം ജോലിയേക്കാള്‍ അധിക ശമ്പളം!
ചീമേനി: ഒരേ തസ്തികയില്‍ പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഫുള്‍ ടൈം ജോലിയേക്കാള്‍ പാര്‍ട്ട് ടൈമിന് അധികശമ്പളം!. എല്‍.പി വിഭാഗം അറബിക് ടീച്ചര്‍ തസ്തികയിലേക്ക് കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇറക്കിയ വിജ്ഞാപനത്തിലാണ് വൈരുദ്ധ്യമുള്ളത്.
ഒക്ടോബര്‍ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരംനല്‍കിയ വിജ്ഞാപനത്തില്‍ ഫുള്‍ ടൈം, പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് - എല്‍.പി.എസ് തസ്തികയിലെ ശമ്പള സ്‌കെയിലിലാണ് വൈരുദ്ധ്യമുള്ളത്. ഫുള്‍ ടൈമിന് 11620-20240 ശമ്പള സ്‌കെയില്‍ കാണിച്ചപ്പോള്‍ പാര്‍ട്‌ടൈമിന് 18000 - 41500 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാസര്‍കോട്ടും തിരുവനന്തപുരത്തും ഫുള്‍ ടൈമിന് ഒന്നു വീതവും പാര്‍ട്ട് ടൈമിന് കാസര്‍കോട്ട്‌നാലു ഒഴിവുകള്‍ അടക്കം എല്ലാ ജില്ലകളിലേക്കും പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനമിറക്കിയത്.
ഇതോടെപ്പം 65 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്. ശമ്പള സ്‌കെയില്‍, യോഗ്യതകള്‍ തുടങ്ങിയവയില്‍ പി.എസ്.സി അധികൃതര്‍ പുതുതായുണ്ടാക്കിയ മാറ്റങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താന്‍ തയാറാകാത്തത് ഉദ്യോഗാര്‍ഥികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി തലങ്ങളിലും പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ മേഖലകളിലും പുതുതായി അംഗീകരിച്ച കോഴ്‌സുകളില്‍ പലതും ഇപ്പോഴും പി.എസ്.സി യുടെ പടിക്കുപുറത്തുതന്നെയാണ്.
പ്രൈമറി വിഭാഗത്തില്‍ അറബി അധ്യാപക യോഗ്യതയായി അംഗീകരിച്ച അഫ്‌സലുല്‍ ഉലമാ പ്രിലിമിനറി കോഴ്‌സ് വര്‍ഷങ്ങള്‍ക്കുശേഷവും വിജ്ഞാപനത്തില്‍ യോഗ്യതയായി ചേര്‍ക്കാന്‍ പി.എസ്.സിക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, ഈ കോഴ്‌സിനെ പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."