16 തുടര്‍ വിജയങ്ങളുമായി റയല്‍ മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ച്ചയായ 16 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പം റയല്‍ മാഡ്രിഡും. സീസണില്‍ തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കിയാണ് റയല്‍ ബാഴ്‌സയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. എസ്പാന്യോളിനെതിരായ എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയ റയല്‍ സീസണിലെ അപരാജിത കുതിപ്പ് തുടരുന്നു. 2010- 11 സീസണില്‍ പെപ് ഗെര്‍ഡിയോളയ്ക്ക് കീഴില്‍ ബാഴ്‌സലോണ സ്ഥാപിച്ച 16 തുടര്‍ വിജയങ്ങളുടെ ലീഗ് റെക്കോര്‍ഡിനൊപ്പമാണ് റയലും എത്തിയിരിക്കുന്നത്. അടുത്ത മത്സരം വിജയിച്ചാല്‍ റെക്കോര്‍ഡ് റയലിനു സ്വന്തമാകും.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍ എന്നിവരില്ലാതെ ഇറങ്ങിയ റയലിനായി ജെയിംസ് റോഡ്രിഗസ്, കരിം ബെന്‍സമ എന്നിവരാണ് വല ചലിപ്പിച്ചത്. 45ാം മിനുട്ടിലാണ് റോഡ്രിഗസിന്റെ ഗോള്‍ പിറന്നത്. മധ്യനിരയില്‍ നിന്നു ടോണി ക്രൂസ് കൈമാറിയ പന്തില്‍ നിന്നാണ് കൊളംബിയന്‍ താരം വല ചലിപ്പിച്ചത്. രണ്ടു എസ്പാന്യോള്‍ പ്രതിരോധക്കാരെ വിദഗ്ധമായി വെട്ടിച്ചാണ് റോഡ്രിഗസിന്റെ ഗോള്‍. അഞ്ചു മാസത്തിനു ശേഷമാണ് കൊളംബിയന്‍ താരം റയലിനായി വല ചലിപ്പിച്ചത്. രണ്ടാം പകുതി തുടങ്ങി 70ാം മിനുട്ടില്‍ ബെന്‍സമ പട്ടിക പൂര്‍ത്തിയാക്കി. ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെയാണ് ഫ്രഞ്ച് താരം ടീമിനു രണ്ടാം ഗോള്‍ സമ്മാനിച്ചത്.
മറ്റു മത്സരങ്ങളില്‍ വിയ്യാറല്‍ 2-1നു റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റിക്ക് ബില്‍ബാവോ 2-1നു വലന്‍സിയയെ വീഴ്ത്തി.
നാലു കളികളില്‍ നാലും വിജയിച്ച് റയല്‍ പട്ടികയില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും കളികളില്‍ നിന്നു മൂന്നു വിജയവും ഒരു തോല്‍വിയുമായി ബാഴ്‌സലോണ ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. ഒന്‍പത് പോയിന്റുമായി ലാസ് പാല്‍മാസ് മൂന്നാമതും എട്ടു പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്തും നില്‍ക്കുന്നു.
നാലു വര്‍ഷത്തിനു ശേഷം ഇന്റര്‍ യുവന്റസിനെ വീഴ്ത്തി
മിലാന്‍: നാലു വര്‍ഷവും എട്ടു മത്സരങ്ങള്‍ക്കും ശേഷം ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനു മേല്‍ വിജയം നേടി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ററിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. 66ാം മിനുട്ടില്‍ ലിസ്റ്റെയ്‌നറിലൂടെ യുവന്റസ് ലീഡെടുത്തപ്പോള്‍ ഇക്കാര്‍ഡി രണ്ടു മിനുട്ടിനുള്ളില്‍ ഇന്ററിനു സമനില സമ്മാനിച്ചു. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഇവാന്‍ പെരിസിച്ച് 78ാം മിനുട്ടില്‍ നേടിയ ഹെഡ്ഡര്‍ ഗോള്‍ ഇന്ററിനു അവിസ്മരണീയ വിജയമൊരുക്കി. മറ്റു മത്സരത്തില്‍ റോമയെ ഫിയോരെന്റിന 1-0ത്തിനു അട്ടിമറിച്ചു.
മൂന്നു തുടര്‍ വിജയങ്ങള്‍ക്കു ശേഷം നാലാം മത്സരത്തില്‍ യുവന്റസ് തോറ്റതോടെ 3-1നു ബോലോഗ്നയെ പരാജയപ്പെടുത്തിയ നാപോളി പത്തു പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. യുവന്റസ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. യുവന്റസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാനുള്ള അവസരം തോല്‍വിയോടെ റോമ നഷ്ടപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."