ശരിക്കും 'തീ'വണ്ടി തന്നെ
കണ്ണൂര്‍: സംസ്ഥാനത്ത് ട്രെയിന്‍ എന്‍ജിനുകള്‍ക്ക് കഷ്ടകാലം. കേടാവുകയും തീപിടിത്തവും പതിവാകുന്നതു കാരണം നിരവധി ട്രെയിനുകള്‍ വഴിയിലാകുന്നു. പഴക്കം ചെന്നതും ഉപേക്ഷിക്കേണ്ടതുമായ എന്‍ജിനുകളും കോച്ചുകളുമാണ് കേരളത്തിലേക്ക് തള്ളുന്നതെന്ന ആരോപണവും ശക്തമാണ്.
രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് പത്തോളം ട്രെയിനുകളാണ് തീയും പുകയും ഉയര്‍ന്നതു കാരണം നിര്‍ത്തിയിടേണ്ടി വന്നത്. ഇന്നലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു രാവിലെ 7.30ന് പുറപ്പെടേണ്ട കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഒരുമണിക്കൂറാണ് വൈകിയത്.
പിന്നാലെ എത്തേണ്ട തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസും വൈകി. ദീര്‍ഘദൂര യാത്രക്കാരാണ് ഇതുകാരണം ദുരിതം പേറുന്നത്. കഴിഞ്ഞ ദിവസം ചണ്ഡിഗഢ്-കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിന്റെ എന്‍ജിന് സമീപം തീപടരുന്നത് നാട്ടുകാര്‍ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നീങ്ങിയതിനു ശേഷമാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.
ഷൊര്‍ണൂരില്‍ നിന്ന് എന്‍ജിനിയര്‍മാര്‍ വന്ന് എന്‍ജിന്‍ മാറ്റിസ്ഥാപിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ഈമാസം ഒന്നിന് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിലും സമാന സംഭവമുണ്ടായി. കൊല്ലം മയ്യനാട് എത്തിയപ്പോഴാണ് എസി കോച്ചില്‍ നിന്ന് തീയും പുകയും കണ്ടത്. കഴിഞ്ഞ മാസം 29ന് മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസില്‍ തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങിയോടിയിരുന്നു. ട്രെയിന്‍ പഴയങ്ങാടി സ്റ്റേഷനിലെത്തിയപ്പോഴാണ് മൂന്നാമത്തെ ബോഗിയിലെ ബ്രേക്ക് പാഡില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്.
യാത്രക്കാരും സ്റ്റേഷനിലെ ജീവനക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ട്രെയിന്‍ 30 മിനിറ്റോളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. താല്‍ക്കാലിക പരിഹാരമായി ബ്രേക്ക്പാഡ് നന്നാക്കിയതിനെ തുടര്‍ന്ന് വൈകുന്നേരമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. കഴിഞ്ഞമാസം 13ന് മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ എന്‍ജിനും തീപിടിച്ചു. മന്ത്രി കെ രാജുവും ഈ ട്രെയിനിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."