മണ്ണാര്‍ക്കാട് നഗരത്തോട് ചേര്‍ന്ന് കാട്ടാനകളുടെ വിളയാട്ടം
മണ്ണാര്‍ക്കാട്: കാട്ടാനപ്പേടിക്ക് മണ്ണാര്‍ക്കാട് അറുതിയാവുന്നില്ല. വനം വകുപ്പിന്റെ കാട്ടാനകളെ തുരത്താനുളള ശ്രമവും ഇതോടെ വൃഥാവിലാവുകയാണ്. ആറംഗ കാട്ടാനക്കൂട്ടമാണ് മണ്ണാര്‍ക്കാട് മേഖലയില്‍ വ്യാപകമായി നാശനശഷ്ടങ്ങളും ഭീതിയും പരത്തുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ തത്തേങ്ങലത്ത് വനം വകുപ്പ് ശ്രമകരമായി കാടുകയറ്റിയ കാട്ടാനക്കൂട്ടം പുലര്‍ച്ചെ മൂന്നരയോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം മാറി കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമെത്തി.
ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പകലുമായി കുമരംപുത്തൂര്‍ കാരാപ്പാടത്ത് നിന്നും തുരത്തി സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലിയിലേക്ക് കയറ്റിവിട്ട കാട്ടാനക്കൂട്ടം ഞായറാഴ്ച വൈകുന്നേരത്തോടെ തത്തേങ്ങലത്ത് ഇറങ്ങുകയും, തിങ്കളാഴ്ച പുലര്‍ച്ചയോടെ കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമെത്തുകയായിരുന്നു.
വയനാട് മുത്തങ്ങയില്‍ നിന്ന് കാട്ടാനകളെ തുരത്തുന്നതിന് വൈദഗ്ധ്യം നേടിയ നാലംഗ സംഘവും, നിലമ്പൂര്‍, അട്ടപ്പാടി റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ഉള്‍പ്പെടെയുളള മുപ്പതോളം വരുന്ന വനം വകുപ്പ് സംഘം തിങ്കളാഴ്ച രാവിലെ കാട്ടാനകളെ കൈതച്ചിറ, തത്തേങ്ങലം വഴി തുരത്തി വൈകുന്നേരത്തോടെ പാത്രക്കടവിന് സമീപം എത്തിച്ചിട്ടുണ്ട്. ഇതിനിടെയില്‍ ആറംഗ സംഘ കാട്ടനകളിലെ രണ്ട് കുട്ടിയാനകള്‍ കൂട്ടം തെറ്റി.
തിങ്കളാഴ്ച രാത്രിയോടെ കാട്ടാനകളെ കാട്ടിലേക്ക് കയറ്റി രാത്രി ശ്രമം ബുദ്ധിമുട്ടായതിനാല്‍ വനം വകുപ്പ് ജീവനക്കാര്‍ തിരിച്ചിറങ്ങിയെങ്കിലും കൂട്ടംതെറ്റിയ കുട്ടിയാനകളെ തേടി കാട്ടാനകള്‍ രാത്രി ഏഴരമണിയോടെ വീണ്ടും ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്തിറങ്ങി.
കുട്ടിയാനകള്‍ കൂട്ടം തെറ്റിയത് കാട്ടാനകളെ അക്രമാസക്തരാക്കുമെന്ന ആശങ്കയില്‍ വനം വകുപ്പ് കാട്ടാനകള്‍ തമ്പടിച്ചിരിക്കുന്ന ഭാഗത്ത് നിരീക്ഷണം ശക്തമാക്കുകയും ഇവയെ വീണ്ടും കാട് കയറ്റാനുളള ശ്രമം ആരംഭിക്കുകയും, രാത്രി വൈകിയും തുടരുകയുമാണ്.
കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാനകള്‍ വനം വകുപ്പ് ജീവനക്കാര്‍ക്കെതിരേ തിരിഞ്ഞതിനെ തുടര്‍ന്ന് വീണ് നിലമ്പൂര്‍ ആര്‍.ആര്‍.ടി അംഗമായ രാജേഷിന്റെ കൈക്ക് പരിക്കേറ്റു. വനം വകുപ്പു ജീവനക്കാരും നാട്ടുകാരും ദിവസങ്ങളായി തുടരുന്ന ഏറെ ശ്രമകരമായ ദൗത്വം പലപ്പോഴും വൃഥാവിലാവുന്ന സ്ഥിതിയാണുളളത്. രാത്രി കാലങ്ങളില്‍ ആനകള്‍ വീണ്ടും കാടിറങ്ങി നാട്ടിലെത്തുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വനം വകുപ്പിന്റെ വലിയ ഒരു സംഘം കാട്ടാനകളെ തുരത്തുന്നതിനുളള ശ്രമത്തിലാണെങ്കിലും വിജയം കണ്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."