പറമ്പിക്കുളംകരാര്‍: കേരളത്തിന് കിട്ടേണ്ട ഭൂമിയും കെട്ടിടങ്ങളും ഇപ്പോഴും തമിഴ്‌നാട് കസ്റ്റഡിയില്‍
പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍കരാര്‍ പ്രകാരം കേരളത്തിന് കൈമാറേണ്ട ഏക്കര്‍ കണക്കിന് ഭൂമിയും അനുബന്ധ കെട്ടിടങ്ങളും ഇപ്പോഴും തമിഴ്‌നാടിന്റെ കൈവശത്തില്‍. പറമ്പിക്കുളം -മുല്ലപെരിയാര്‍ നദീജല കരാറുകള്‍ സംബന്ധിച്ച നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി തമിഴ്‌നാടിന്റെ കരാര്‍ ലംഘനം കണ്ടെത്തി സര്‍ക്കാരിന് 1994 ഫെബ്രുവരി 28ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 22 വര്‍ഷം കഴിഞ്ഞിട്ടും മാറി മാറിഭരിച്ച സര്‍ക്കാരുകള്‍ ഒരു നടപടിയും എടുത്തിട്ടില്ല.
പറമ്പിക്കുളം-മുല്ലപ്പെരിയാര്‍ കരാറിലെ അനുബന്ധം രണ്ടിലെ ഏഴാം ഖണ്ഡിക അനുസരിച്ച് പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലൈസന്‍സ് ഫീസ് അടച്ച് തമിഴ്‌നാട് താല്‍ക്കാലികമായി കൈവശം വച്ചിട്ടുള്ള ഭൂമിയും കെട്ടിടങ്ങളും കൈമാറേണ്ടതാണ്. ഇത് പാലിച്ചിട്ടില്ല. അഡ്‌ഹോക്ക് കമ്മിറ്റി 1994 ലെ കണക്കുപ്രകാരം പദ്ധതി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച 6283.126 ഏക്കറില്‍, റോഡ് നിര്‍മിക്കാന്‍ ഉപയോഗിച്ച 24.523 ഏക്കര്‍ കഴിഞ്ഞാല്‍ ഇപ്പോഴും തമിഴ്‌നാട് 6258.603 ഏക്കറോളം വനഭൂമി കൈവശം വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പദ്ധതിക്കുവേണ്ടി വിനിയോഗിക്കുന്ന ഭൂമിയുടെ ലൈസന്‍സ് സംബന്ധിച്ച നിബന്ധനകള്‍ 1965 ഓഗസ്റ്റ് 12ന് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പ്രകാരം ഒപ്പുവച്ചു. ഏക്കറിന് കുറഞ്ഞത് രണ്ടു രൂപ പാട്ടം ഇനത്തില്‍ നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പാട്ടക്കരാര്‍ ഇതുവരെ ഒപ്പുവയ്ക്കാത്തതിനാല്‍ ഭൂനികുതിയിനത്തില്‍ ലഭിക്കേണ്ട തുക നേടിയെടുക്കാനോ വനഭൂമിയില്‍ നിന്നുള്ള ആദായത്തില്‍ കരാര്‍ പ്രകാരം ലഭിക്കേണ്ട തുക തമിഴ്‌നാടിനോട് ആവശ്യപ്പെടാനോ കഴിഞ്ഞിട്ടില്ല.
പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തില്‍ തമിഴ്‌നാട് കൈവശം വച്ചിട്ടുള്ള കെട്ടിടങ്ങള്‍ തിരികെ വാങ്ങുന്നത് സംബന്ധിച്ച് നടപടിയായില്ല. കൂടാതെ കേരളത്തിന് ലഭിക്കേണ്ട പാട്ട തുക കുടിശ്ശിക സഹിതം തമിഴ്‌നാട്ടില്‍ നിന്നും ഈടാക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍പ് ആനമലയാര്‍ നേരിട്ട് തമിഴ്‌നാട് കൈക്കലാക്കി വച്ചു. അതിലൂടെ നഷ്ടമായത് വര്‍ഷത്തില്‍ എത്ര ടി.എം.സി ജലമാണെന്ന് കണക്കാക്കിയിട്ടില്ല. കരാറില്‍ ഉള്‍പ്പെടാത്ത അരുവികളും വെള്ളച്ചാട്ടങ്ങളും, കൈവഴികളും അടച്ച് തമിഴ്‌നാട് വെള്ളം കടത്തുമ്പോള്‍ കേരളത്തിനുണ്ടാവുന്ന സാമ്പത്തിക നഷ്ടം ന്യായീകരിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കേരള -തമിഴ്‌നാട് ജല കരാറുകള്‍ ഉണ്ടാക്കിയതിനുശേഷം ഇതുവരെ പുതുക്കാനോ പുനരവലോകനം ചെയ്യാനോ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. അന്നുമുതല്‍ രൂപീകരിച്ച ജോയന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡാണ് ജലത്തിന്റെ വിതരണം നിയന്ത്രിക്കുന്നത്. തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്ക് വാങ്ങി നല്‍കുന്ന ജോലിയാണ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ പതിയിലും ആളിയാറിലും ഓഫിസുണ്ടെങ്കിലും മിക്കപ്പോഴും ജീവനക്കാര്‍ ഉണ്ടാവാറില്ലെന്ന പരാതിയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."