ബന്തിയോട്ടെ അക്ഷയ കേന്ദ്രത്തിലും കടകളിലും റെയ്ഡ്
ബന്തിയോട്: മംഗല്‍പാടി പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതു സംബന്ധിച്ച പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്തിയോടെ ഒരു അക്ഷയ കേന്ദ്രത്തിലും മംഗല്‍പ്പാടി പഞ്ചായത്തിനു മുന്നിലെ രണ്ടു കടകളിലും മഞ്ചേശ്വരം പൊലിസ് ഇന്നലെ റെയ്ഡ് നടത്തി. അക്ഷയ കേന്ദ്രത്തില്‍ ഇനി അപേക്ഷകളൊന്നും സ്വീകരിക്കരുതെന്ന് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ മൂന്നു കേസുകളിലായി എട്ടുപേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
പഞ്ചായത്ത് ഓഫിസില്‍ നല്‍കിയ ഒരു അപേക്ഷ തയാറാക്കിയത് ബന്തിയോടെ അക്ഷയ കേന്ദ്രത്തില്‍ നിന്നാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അക്ഷയ കേന്ദ്രത്തില്‍ പൊലിസ് റെയ്ഡ് നടത്തിയത്. ഈ അക്ഷയ കേന്ദ്രത്തില്‍ നിന്നും മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്നതു സംബന്ധിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചവര്‍ അധികവും സ്ത്രീകളായതുകൊണ്ട് പൊലിസ് കരുതലോടെയാണ് അന്വേഷണം നടത്തുന്നത്. മറ്റു അപേക്ഷകളില്‍ സമര്‍പ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്കു ലഭിച്ചത് എവിടെ നിന്നാണെന്ന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ ഈ കേസുകളിലെ പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ. പഞ്ചായത്തില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വ്യാജ സര്‍ട്ടിഫിക്കറ്റു നല്‍കിയ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരനെ പൊലിസ് ചോദ്യം ചെയ്തു. കേസുകളില്‍ പ്രതി ചേര്‍ത്തവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്നാണ് സൂചന.
മംഗല്‍പ്പാടി പഞ്ചായത്തില്‍ നിന്നും സമീപകാലത്തു നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് ജീവനക്കാര്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണിത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയത് പ്രത്യേക സംഘമാണെന്നാണ് പൊലിസ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."