വെട്ടത്തൂരില്‍ അധ്യാപികയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു
വെട്ടത്തൂര്‍: കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വെട്ടത്തൂര്‍ കവലയിലെ തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യ ജിഷ മോള്‍ (35), മക്കളായ അന്ന (11), ആല്‍ബര്‍ട്ട് (പത്ത് മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൈകീട്ട് നാലിന് വെട്ടത്തൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചത്. ബന്ധുക്കളും നാട്ടുകാരും ജിഷയുടെയും അന്നയുടെയും സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇവരുടെ വെട്ടത്തൂര്‍ കവലയിലെ വസതിയിലെത്തിയിരുന്നു. സംസ്‌കരചടങ്ങുകള്‍ക്ക് ജിഷയുടെ സഹോദരന്‍ ഫാ.ജിജോ കല്ലിടിക്കില്‍(ബിജിനോര്‍ ലക്‌നൗ), ബന്ധു ജോയി ചാലിശ്ശേരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
പത്ത് മാസം പ്രയമായ ഇളയ മകന്‍ ആല്‍ബര്‍ട്ടിന്റെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണ ചുമതല പാണ്ടിക്കാട് സി.ഐ യൂസഫ് ഏറ്റെടുത്തു. സംഭവത്തിന്റെ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി തൃശൂരില്‍ നിന്നും സൈന്റിഫിക്ക് ഫോറന്‍സിക് വിദഗ്ധരായ അനില്‍, പ്രീമ ചന്ദ്രന്‍ എന്നിരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 11 നു സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സംഭവമറിഞ്ഞ് ആദ്യമെത്തിയ നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലിസ് ഇതിനോടകം മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജിഷയുടെയും അന്നയുടെയും മരണ കാരണം തീ പൊള്ളലേറ്റതാണെന്ന് പോസ്റ്റു മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു.
തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ ജിഷ, അന്ന എന്നിവരെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലും അല്‍ബര്‍ട്ടിനെ കിടപ്പുമുറിയില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. ശരീരമാസകലം പൊള്ളലേറ്റ അന്ന സംഭവസ്ഥത്ത് വെച്ചും ജിഷ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണു മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."