അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സിനും വേണം ലോക്കപ്പ്
തൃശൂര്‍ തിരുവനന്തപുരം: അഴിമതിക്കേസുകളിലടക്കം ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റു ചെയ്യുന്നതിനും കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ വിജിലന്‍സ് ഓഫിസുകളോട് ചേര്‍ന്ന് ലോക്കപ്പുകള്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടറുടെ കത്ത്.
വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രിയേറ്റീവ് വിജിലന്‍സ് പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ ആവശ്യമുന്നയിച്ച് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആവശ്യത്തിനുമേല്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. ധനകാര്യവകുപ്പിന്റെ അനുമതിയും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
പൊലിസ് സ്റ്റേഷനിലുള്ള ലോക്കപ്പുകള്‍ പോലെതന്നെ വിജിലന്‍സ് ഓഫിസുകളോടുചേര്‍ന്നും പ്രത്യേക സെല്ലുകള്‍ ഉണ്ടാക്കാനുള്ള നീക്കമാണ് സംസ്ഥാന വിജിലന്‍സ് വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതു സംബന്ധമായ രൂപരേഖ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളും തയാറാക്കി നല്‍കി. 14 ജില്ലകളിലെയും വിജിലന്‍സ് ഓഫിസുകളിലും നാല് റേഞ്ചുകളിലും മൂന്ന് സ്‌പെഷല്‍ സെല്ലുകളിലും ലോക്കപ്പുകള്‍ നിര്‍മിക്കാനാണ് നീക്കം. കൈക്കൂലിക്കേസുകളില്‍പ്പെടുന്ന ഉദ്യോഗസ്ഥരൊഴിച്ച് അഴിമതിക്കേസുകളില്‍പ്പെട്ടയാളുകളെ വിജിലന്‍സ് പ്രതിചേര്‍ക്കാറുണ്ടെങ്കിലും പ്രതികളെ അറസ്റ്റു ചെയ്യാനാവുമായിരുന്നില്ല. അറസ്റ്റുചെയ്യാതെ തന്നെ കുറ്റപത്രം വിജിലന്‍സ് കോടതികളില്‍ സമര്‍പ്പിക്കുകയായിരുന്നു ഇതുവരെ ചെയ്തുപോന്നിരുന്നത്. കൈക്കൂലി കേസുകളില്‍ സാധാരണപോലെ തന്നെ അറസ്റ്റ് നടക്കാറുണ്ടായിരുന്നു.
എന്നാല്‍ ലോക്കപ്പുകള്‍ കൂടി വരുന്നതോടെ സംഘടിതമായ അഴിമതിക്കേസുകള്‍, അനധികൃതസ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിലെ പ്രതികളെ അറസ്റ്റുചെയ്യാനും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനും കഴിയുമെന്നാണ് വിജിലന്‍സ് വിഭാഗം കരുതുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയിരിക്കുന്നതായിട്ടാണ് വിവരം. വിജിലന്‍സ് ഒരു പേടിസ്വപ്നമായി എല്ലാ അര്‍ഥത്തിലും തോന്നിയാല്‍ മാത്രമേ അഴിമതിക്ക് ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളൂ എന്നാണ് വിജിലന്‍സ് അധികൃതരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."