'തട്ടിപ്പിന്റെ വഴിയും മലയാളിയുടെ ഗതിയും'
വിസാ തട്ടിപ്പിന്റെ കഥകള്‍ ഇതിനു മുന്‍പും ധാരാളം കേട്ടിട്ടുണ്ട്. ഗള്‍ഫ് വിസാ തട്ടിപ്പുകളാണ് അതില്‍ കൂടുതലും. എന്നാല്‍ കാനഡ, യു.കെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത പുതിയ തട്ടിപ്പുകഥയാണിത്. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്തു മുങ്ങിയ സംഘത്തിലെ മൂന്നുപേരാണ് അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല അയിരൂര്‍ പൊലിസിന്റെ പിടിയിലായത്.
ആദിച്ചനല്ലൂര്‍ കുമ്മലൂര്‍ ചാരുവിള വീട്ടില്‍ സുരേഷ്, എറണാകുളം സൗത്ത് കളമശേരി പുളിത്തറ ഹൗസില്‍ ജോയി വര്‍ഗീസ്, ഈരാറ്റുപേട്ട വലിയകാപ്പില്‍ വീട്ടില്‍ ജോസ് ജോസഫ് എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധിപേരെയാണു സംഘം കബളിപ്പിച്ചത്. കൊല്‍ക്കത്ത സ്വദേശികളായ രബിറോയി, സുബ്രദാസര്‍ദാര്‍ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്.
ഇവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലിസ് ഭാഷ്യം. കാനഡയിലേക്കുള്ള എമിഗ്രേഷന്‍ കൊല്‍ക്കത്തയിലാണെന്നു വിശ്വസിപ്പിച്ച് ഉദ്യോഗാര്‍ഥികളെ അവിടെ എത്തിക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതി. കൊല്‍ക്കത്ത സ്വദേശികളെ എമിഗ്രേഷന്‍ ഓഫിസര്‍മാരായി പരിചയപ്പെടുത്തും. പിന്നീട് മെഡിക്കല്‍ പരിശോധന നടത്തിയശേഷം വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. തുടര്‍ന്ന് അഡ്വാന്‍സായി ഓരോരുത്തരില്‍നിന്നു ഒരുലക്ഷം രൂപ വീതം വാങ്ങും. ഇങ്ങനെ 32പേരെയാണ് സംഘം കബളിപ്പിച്ചത്. ഒടുവില്‍ സംഗതി തട്ടിപ്പാണെന്നു മനസിലാക്കി തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ കൊച്ചുവിള വീട്ടില്‍ ബിനു നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്. ബിനുവില്‍ നിന്നു 1,50,000 രൂപയാണു തട്ടിയെടുത്തത്. കൂടാതെ തൃശൂര്‍ ചേര്‍പ്പ്, പാലക്കാട്, മണ്ണാര്‍ക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ പലരില്‍ നിന്നുമായി 50 ലക്ഷം രൂപയോളം തട്ടിയെടുത്തു.
സമാനമായ രീതിയില്‍ മൗറീഷ്യസിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞു തിരുവനന്തപുരം കാട്ടാക്കട സ്വദേശിയില്‍ നിന്നും മറ്റു പലരില്‍ നിന്നും ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത വര്‍ക്കല കോട്ടമുകള്‍ സ്വദേശി രാജു തോമസ്, തിരുവല്ല സ്വദേശി ഷാജി എന്നിവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലിസില്‍ ജോലി വാഗ്ദാനം ചെയ്തു ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ ശരണ്യ ആഭ്യന്തര മന്ത്രി ഉള്‍പ്പടെയുള്ളവരുമായി ബന്ധമുണ്ടെന്നു പറഞ്ഞതു ഏറെ വിവാദമായതാണ്. നൂറോളം പേരെയാണു ശരണ്യ തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ മുതല്‍ മൂന്നു ലക്ഷം രൂപവരെ പ്രതി ഉദ്യോഗാര്‍ഥികളില്‍ നിന്നു വാങ്ങി.
ആലപ്പുഴ എസ്.പി ഓഫിസിലെ ജീവനക്കാരിയെന്നു പരിചയപ്പെടുത്തിയാണു ശരണ്യ തട്ടിപ്പു നടത്തിയത്. മന്ത്രി ഉള്‍പ്പടെയുള്ള ഉന്നതരുമായി അടുത്ത ബന്ധം ഉണ്ടെന്നും പ്രതി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചു. തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പൊലിസില്‍ പരാതി നല്‍കി. പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പൊലിസ് ശരണ്യയെ അറസ്റ്റ് ചെയ്തത്.
ആക്രി ബിസിനസിന്റെ പേരില്‍ 38 കോടി പിരിച്ചെടുത്തു മുങ്ങിയ കിനാലൂര്‍ അഷ്‌റഫിനെ ഖത്തറില്‍ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട്, കിനാലൂര്‍, ബാലുശ്ശേരി എന്നീ കേന്ദ്രങ്ങളിലെ നൂറുകണക്കിനാളുകളില്‍ നിന്നായി ആക്രി ബിസിനസിന്റെ പേരില്‍ കിനാലൂര്‍ അഷ്‌റഫ് 38 കോടി രൂപ പിരിച്ചെടുത്തതായാണു കേസ്. ഒരു ലക്ഷം രൂപയ്ക്കു പ്രതിമാസം എണ്ണായിരം രൂപ വരുമാനം കിട്ടുമെന്നു വിശ്വസിപ്പിച്ചാണ് ആളുകളെ ബിസിനസില്‍ പങ്കാളികളാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച പണം കൊടുക്കാനാവാതെ ബിസിനസ് പൊളിയുകയും അതോടെ നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ വഞ്ചിക്കപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികള്‍ ഇടപ്പെട്ട് അഷ്‌റഫിന്റെ സ്വത്തുക്കള്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ പേരില്‍ എഴുതികൊടുത്തു. പിന്നീട് ഗള്‍ഫിലേക്ക് പോയ അഷ്‌റഫ് നിക്ഷേപകര്‍ക്കു പിടികൊടുക്കാതെ ഖത്തറില്‍ കഴിയുകയായിരുന്നു. അഷ്‌റഫിനെ ചോദ്യം ചെയ്തപ്പോള്‍ പണം തട്ടിയെടുത്തതു താനല്ലെന്നും തിരുവമ്പാടി സ്വദേശി സജീബാണെന്ന് പറഞ്ഞതായും വാര്‍ത്തവന്നു.
സജീബ് പണം തട്ടിയെടുത്തതിനു തെളിവായി മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടതിന്റെ രേഖയും അഷ്‌റഫ് ഹാജരാക്കിയിരുന്നു. സജീബ് മറ്റൊരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ടു ഖത്തറിലെ ജയിലിലാണ്. നിക്ഷേപകര്‍ പെരുവഴിയിലും. ഫള്ാറ്റ് തട്ടിപ്പ്, ഓണ്‍ലൈന്‍മൊബൈല്‍ ലോട്ടറി തട്ടിപ്പ്, മണി ചെയിന്‍ മാതൃകയില്‍ ഡയറക്റ്റ് മാര്‍ക്കറ്റിങ്....ന്യൂ ജനറേഷന്‍ തട്ടിപ്പുകള്‍ തുടരുകയാണ്. ഇരകളായി മലയാളിയും.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."