ഇന്ത്യയുടെ 500-ാം ടെസ്റ്റ്; ആദ്യ ദിനം ന്യൂസിലാന്‍റിനൊപ്പം
കാണ്‍പൂര്‍: പ്രതീക്ഷയോടെ അഞ്ചൂറാം ടെസ്റ്റിനിറങ്ങിയ ഇന്ത്യയുടെ ആദ്യദിവസം പതര്‍ച്ചയുടേത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് മാത്രമാണ് നേടാനായത്.
കാണ്‍പൂര്‍ പിച്ചിലെ സ്പിന്നും പേസും ഒരുപോലെയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തളര്‍ത്തിയത്. ആദ്യ ദിനം വീണ ഒന്‍പതില്‍ ആറു വിക്കറ്റുകള്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറും പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും മൂന്നു വീതം നേടി പങ്കിട്ടു. ശേഷിച്ച മൂന്നു വിക്കറ്റുകള്‍ ക്രെയ്ഗ്, സോധി എന്നീ സ്പിന്നര്‍മാരും വാഗ്‌നറെന്ന പേസറും വീഴ്ത്തി. പേസും സ്പിന്നും ഇടകലര്‍ത്തി വില്ല്യംസന്‍ നടപ്പാക്കിയ തന്ത്രം അഞ്ചു ബൗളര്‍മാരും ചേര്‍ന്നു ഫലവത്താക്കിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലൊടിഞ്ഞു.
കെ.എല്‍.രാഹുല്‍-മുരളി വിജയ് സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് എടുത്തു. 39 പന്തില്‍ 32 റണ്‍സുമായി രാഹുല്‍ മടങ്ങിയെങ്കിലും ഫോമിലുള്ള ചേതേശ്വര്‍ പൂജാര മുരളിക്ക് കൂട്ടായി എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര (62) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. ഇരുവരും എട്ടു വീതം ബൗണ്ടറികളും നേടി.
എന്നാല്‍ പൂജാര പുറത്തായ ശേഷം ഇന്ത്യയ്ക്ക് മധ്യനിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി.
കോഹ്‌ലി (ഒന്‍പത്), രഹാനെ (18) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് കൂടാരം കയറിയത് തിരിച്ചടിയായി. പിന്നീട് ആര്‍ അശ്വിന്‍ (40), രോഹിത് ശര്‍മ (35) എന്നിവര്‍ മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും അധികം നീണ്ടില്ല. രോഹിത്തിനും കാര്യമായൊന്നും ചെയ്യാനായില്ല. അവസരം മുതലാക്കാനാകാതെ വൃദ്ധിമാന്‍ സാഹയും പിന്നാലെയെത്തിയ മുഹമ്മദ് ഷമിയും പൂജ്യത്തിനു പുറത്താകുകയും ചെയ്തു. കളി നിര്‍ത്തുമ്പോള്‍ രവീന്ദ്ര ജഡേജ (16) ഉമേഷ് യാദവ് (8) എന്നിവരാണ് ക്രീസില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."