മുഖ്യമന്ത്രിക്കു കുറ്റവാളികളുടെ മനസ്: ചെന്നിത്തല
കണ്ണൂര്‍: കുറ്റവാളികളുടെ മനസാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ നരനായാട്ടുകണ്ട് മുഖ്യമന്ത്രി ആഹ്ലാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം, ബി.ജെ.പി അക്രമത്തിനെതിരേ യു.ഡി.എഫ് സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നിങ്ങള്‍ അന്വേഷിച്ചോ എന്നാണു മുഖ്യമന്ത്രി പറയുന്നത്. കുറ്റവാളികളുടെ മനസുള്ള മുഖ്യമന്ത്രിക്കു മാത്രമേ ഇങ്ങനെ പറയാന്‍ സാധിക്കൂ. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കുവേണ്ടി മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തതു കുറ്റകരമാണ്. കേരളത്തില്‍ ഒരുകാലത്തുമില്ലാത്ത നിലയില്‍ അക്രമങ്ങളും സ്ത്രീപീഡനങ്ങളും വര്‍ധിക്കുകയാണ്. തൊണ്ണൂറുകാരിക്കും പതിമൂന്നുകാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണു നാട്ടിലുള്ളത്. അക്രമങ്ങള്‍ക്കു ദേശീയ പ്രാധാന്യമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ സി.പി.എം അക്രമങ്ങള്‍ അഴിച്ചുവിട്ട് പൊലിസ് സ്റ്റേഷനുകളിലേക്കു മാര്‍ച്ച് നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പരസ്യമായി അക്രമത്തിന് ആഹ്വാനം നല്‍കുന്നു. പലിശകൂട്ടി തിരിച്ചടിക്കുമെന്നു കുമ്മനം രാജശേഖരന്‍ പ്രതികരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരില്‍ ഇപ്പോള്‍ നടക്കുന്നതു തീക്കളിയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിനുണ്ടായ നേട്ടം നിയമവാഴ്ച ഉറപ്പാക്കാന്‍ കഴിഞ്ഞു എന്നതാണ്. നിയമവാഴ്ചയും എല്ലാവര്‍ക്കും നീതിയും ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് എല്‍.ഡി.എഫ് സര്‍ക്കാരിനു തന്നെ തിരിച്ചടിയാകും. അക്രമപ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനു മിനിറ്റുകള്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്രമപ്രദേശങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സമാധാനയോഗം നടക്കുന്നില്ല. ഇതു മന്ത്രിമാരുടെ കുറ്റബോധം കൊണ്ടാണ്. ഇതുവഴി സര്‍ക്കാര്‍ സമൂഹത്തിനു നല്‍കുന്നതു അപകടകരമായ സന്ദേശമാണ്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ പൊലിസ്‌സ്റ്റേഷന്‍ ഉപരോധിക്കുകയും പൊലിസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതു മറ്റു പാര്‍ട്ടികളും ആവര്‍ത്തിച്ചാല്‍ നാട്ടില്‍ കലാപമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭരിക്കുന്നവര്‍ നല്‍കുന്ന സന്ദേശം അക്രമത്തിന്റേതാണെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമത്തെ സ്വീകരിക്കുന്ന നയമാണു പ്രശ്‌നം. അക്രമംകൊണ്ട് എല്ലാം നേടാമെന്നാണു വിചാരമെങ്കില്‍ കാല്‍ക്കീഴിലെ മണ്ണിളകിപ്പോകുമ്പോള്‍ അറിയും. സംസ്ഥാനത്ത് അക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്.
അക്രമത്തിനുപുറമേ യഥേഷ്ടം മദ്യംകൂടി വ്യാപകമാകുമ്പോള്‍ കുറ്റകൃത്യങ്ങളുടെ തോത് ഇനിയും വര്‍ധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, സി.എം.പി (ജോണ്‍ വിഭാഗം) സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി ജോണ്‍, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍, മുന്‍മന്ത്രി കെ സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി മുസ്തഫ സംസാരിച്ചു. സംസ്ഥാനത്തെ യു.ഡി.എഫ് നേതൃത്വം ഒന്നാകെ പങ്കെടുത്ത പരിപാടിയില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ അസാന്നിധ്യം ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."