കശുവണ്ടി വ്യവസായം: രക്ഷയ്ക്ക് സെപ്‌സിയുടെ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സെപ്‌സി) കേന്ദ്രമന്ത്രിമാരുടെ പരിഗണനയ്ക്ക് പരിഹാര നടപടികളുടെ അഞ്ചിന പട്ടിക സമര്‍പ്പിച്ചു.
സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള, പത്തുലക്ഷം ഗ്രാമീണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന, ഈ വ്യവസായത്തിലെ കയറ്റുമതിമേഖല നേരിടുന്ന ആശങ്കാജനകമായ തളര്‍ച്ചയ്ക്ക് പരിഹാരം കാണാനാണ് സെപ്‌സി ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ പി സുന്ദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് ആവിഷ്‌ക്കരിക്കണമെന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമനും കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്‌സി സമര്‍പ്പിച്ച അപേക്ഷയില്‍ വിദേശവ്യാപാര നയത്തിന്റെ ഏതൊക്കെ വകുപ്പുകളാണ് കയറ്റുമതി കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബാങ്കുകളുടെ നോണ്‍ പെര്‍ഫോമിങ് അസെറ്റ് നിയമങ്ങളില്‍നിന്ന് കശുവണ്ടി വ്യവസായത്തിന് പ്രത്യേക ഇളവ് നല്‍കണം. ആസ്തി വായ്പകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം പലിശയില്ലാതെയും അവസാന രണ്ടുവര്‍ഷം മൂന്നു ശതമാനം പലിശയിലും മൊറട്ടോറിയം പ്രഖ്യാപിക്കുക, ഈട് നല്‍കിയിരിക്കുന്ന വസ്തുവകകളും ഓഹരിയും ഏറ്റെടുക്കാനോ മരവിപ്പിക്കാനോ ഉള്ള നീക്കങ്ങള്‍ തല്‍കാലം നിര്‍ത്തിവയ്ക്കുകയും വില്‍പ്പനാസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക, ആസ്തി വായ്പകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചയ്ക്കാവുന്ന ടേം ലോണുകളാക്കുക, തോട്ടണ്ടി സംഭരണത്തിനും ഫാക്ടറികളുടെ യന്ത്രവല്‍കരണത്തിനുമായി കുറഞ്ഞ പലിശാനിരക്കില്‍ പുതിയ വായ്പകള്‍ അനുവദിക്കുക എന്നീ അഞ്ചിന നിര്‍ദേശങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനായി നിവേദനത്തിലുള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ സെപ്‌സി വൈസ് ചെയര്‍മാന്‍ എം.എ അന്‍സാര്‍, ഭരണസമിതി അംഗം ഡോ. ഭൂതേഷ്, സെപ്‌സി ഉപദേഷ്ടാവ് കെ ശശിവര്‍മ്മ, ജോയിന്റ് ഡയറക്ടര്‍ രാജ്‌മോഹന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."